
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപെട്ട് 50ലേറെ പേർ മരിച്ചു. ബസ് ഒരു ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറയുന്നു.
ഇറാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തി തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്ന അഫ്ഗാനികളാണ് ബസിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി എഎഫ്‌പിയോട് ഇക്കാര്യം പറഞ്ഞു.
സമീപ മാസങ്ങളിൽ ഇറാനിൽ നിന്ന് നാടുകടത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്ത അഫ്ഗാൻ വംശജരുടെ വലിയൊരു നിരയുടെ ഭാഗമാണ് അപകടത്തിൽ മരിച്ചവർ. ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരും മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് പേരും മരിച്ചു.
മോശം റോഡ്, ഹൈവേകളിലെ അപകടകരമായ ഡ്രൈവിംഗ്, നിയന്ത്രണങ്ങളുടെ അഭാവം എന്നിവയാണ് ആവർത്തിക്കുന്ന അപകടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ മധ്യ അഫ്ഗാനിസ്ഥാനിൽ ബസുകൾ ഇന്ധന ടാങ്കറിലും ട്രക്കിലും കൂട്ടിയിടിച്ച് 52 പേർ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam