പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാൻ്റെ നിലപാടിനെ പിന്തുണക്കുന്ന പ്രതികരണവുമായി വീണ്ടും ചൈനീസ് വക്താവ്

Published : Apr 28, 2025, 08:02 PM ISTUpdated : Apr 28, 2025, 11:53 PM IST
പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാൻ്റെ നിലപാടിനെ പിന്തുണക്കുന്ന പ്രതികരണവുമായി വീണ്ടും ചൈനീസ് വക്താവ്

Synopsis

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ്റെ നിഷ്‌പക്ഷമായ അന്വേഷണമെന്ന ആവശ്യത്തെ പിന്തുണച്ച് ചൈന

ദില്ലി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് നിലപാടിനെ പിന്തുണച്ച് വീണ്ടും ചൈന. നീതിയുക്തമായ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പ്രതികരിച്ചത്. ഇന്ത്യയും  പാകിസ്ഥാനും സംയമനം പാലിക്കണമെന്നും കൂടിയാലോചനകളിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിൻ്റെ നിലപാടിനുള്ള പിന്തുണയാണ് ചൈന.

എല്ലാ കാലാവസ്ഥയിലെയും സുഹൃത്ത് എന്നാണ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പാകിസ്ഥാനെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. തേനിനേക്കാള്‍ മധുരമുള്ള ബന്ധമാണ് ചൈനയുമായെന്നാണ് പാക് മുൻ പ്രധാനമന്ത്രി നവാസ് ഫെരീഫ് ഒരു കാലത്ത് അവകാശപ്പെട്ടത്. 

ചൈന കമ്യൂണിസത്തിലേക്ക് വഴിമാറിയതിന് ശേഷം ആദ്യം അംഗീകരിച്ച മുസ്ലീം രാജ്യമാണ് പാകിസ്ഥാന്‍. സോവിയറ്റ് യൂണിയനുമായുള്ള  ചൈനീസ് ബന്ധം തകര്‍ന്നതോടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചൈനയുമായുള്ള പാലമായി പാകിസ്ഥാന്‍ മാറി. 1962ലെ യുദ്ധത്തോടെ പാകിസ്ഥാനും ചൈനക്കും പൊതു ശത്രുവായി ഇന്ത്യ മാറി. 1963ല്‍ കശ്മീരിലെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പാകിസ്ഥാന് കൈമാറി. പകരം ലഡാക്കിലെ ഇന്ത്യക്ക് അവകാശപ്പെട്ട പ്രദേശം പാകിസ്ഥാന്‍ ചൈനക്ക് കാഴ്ചവച്ചു. 1965, 71ലെയും ഇന്ത്യ പാക് യുദ്ധങ്ങളില്‍ ചൈന പാകിസ്ഥാന്‍റെ കൂടെ നിന്നു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയതോടെ പാകിസ്ഥാന് അണുബോംബ് ഉണ്ടാക്കാനുള്ള യുറേനിയവും സാങ്കേതിക വിദ്യയും ചൈന കൈമാറി. 

ഇന്ത്യ വലിയ സാമ്പത്തിക സൈനിക ശക്തിയായി മാറുന്നത് തടയാന്‍ പാകിസ്ഥാനുമായുള്ള നിരന്തര സംഘര്‍ഷം സഹായിക്കുമെന്നാണ് ചൈനയുടെ വിലയിരുത്തല്‍. ചൈനയില്‍ നിന്ന് പാകിസ്ഥാന്‍ വഴി അറേബ്യന്‍ കടലിലേക്കുള്ള 3000 കിലോമീറ്റര്‍ ഇടനാഴി നിര്‍മ്മാണമാണ് പാകിസ്ഥാനെ പിന്തുണക്കാനുള്ള മറ്റൊരു കാരണം. പാകിസ്ഥാന്‍റെ 80 ശതമാനം ആയുധങ്ങളും നാല് വര്‍ഷമായി ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. ജെ 10 സിഇ, ജെഎഫ് 17  യുദ്ധവിമാനങ്ങള്‍ , എച്ച് ക്യു 9  മിസൈലുകള്‍, അന്തര്‍വാഹിനികള്‍  എന്നിവ ചൈന നല്‍കുന്നുണ്ട്. ഇന്ത്യ - അമേരിക്ക തന്ത്ര പ്രധാന ബന്ധവും ചൈന പാകിസ്ഥാന്‍റെ കൂടെ നില്‍ക്കുന്നതിന് കാരണമാണ്.

നിലവില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ ചൈന എന്തു ചെയ്യുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാനെ ചൈന ശക്തമായി പിന്തുണക്കുമെന്ന് ഉറപ്പാണ്. പാകിസ്ഥാന് കൂടുതല്‍ മിസൈലുകളും, യുദ്ധവിമാനങ്ങളും ആയുധങ്ങളും ചൈന നല്‍കും. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തികളില്‍ ചൈനീസ് സേന സാന്നിധ്യം കൂട്ടി സമ്മര്‍ദ്ദം ചെലുത്തും. പാക് അധീന കശ്മീരിലേക്ക് ഇന്ത്യന്‍ സൈന്യം കയറിയാല്‍ ചൈന നേരിട്ട് യുദ്ധത്തിനെത്തുന്നതും തള്ളിക്കളയാനാവില്ല.

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു