പുൽവാമ ആക്രമണം; ജെയ്ഷെ മുഹമ്മദ് പങ്കിന് തെളിവില്ലെന്ന് പാകിസ്ഥാൻ

By Web TeamFirst Published Mar 2, 2019, 11:58 AM IST
Highlights

അതിർത്തിയിലെ സംഘർഷങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്ന നടപടികൾ പാകിസ്ഥാൻ അവസാനിപ്പിച്ച ശേഷം മാത്രമേ ചർച്ചകളെപ്പറ്റി ചിന്തിക്കുകയുള്ളുവെന്നാണ് ഇന്ത്യയുടെ നിലപാട് 

ഇസ്ലാമാബാദ്: പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദവുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. പുൽവാമ ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് സ്ഥീരീകരണമില്ല. ഭീകരാക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. 

പുൽവാമ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് ഇപ്പോൾ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്‍റെ ഭീകര ക്യാമ്പുകൾ ആക്രമിച്ച് നിരവധി തീവ്രവാദികളെ വകവരുത്തിയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. 

അതേസമയം അതിർത്തിയിലെ സംഘർഷങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്ന നടപടികൾ പാകിസ്ഥാൻ അവസാനിപ്പിച്ച ശേഷം മാത്രമേ ചർച്ചകളെപ്പറ്റി ചിന്തിക്കുകയുള്ളുവെന്നാണ് ഇന്ത്യയുടെ നിലപാട് 

click me!