
ഇസ്ലാമാബാദ്: ഹൈക്കോടതിക്ക് പുറത്ത് നിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും പൊലീസ് ലാത്തി കൊണ്ട് ക്രൂരമായി മർദ്ദിച്ചെന്നും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാൻ. അഴിമതി കേസിൽ ഇമ്രാൻ ഖാനെ നാടകീയമായി അറസ്റ്റ് ചെയ്തതിനെതിരായ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുൻ പ്രധാനമന്ത്രിയെ കൊണ്ടുവരാൻ രാജ്യത്തെ അഴിമതി വിരുദ്ധ നിരീക്ഷണ സമിതിയോട് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെ പാകിസ്ഥാൻ സുപ്രീം കോടതിയിൽ ഹാജരാക്കിയത്.
പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഉമർ അതാ ബാൻഡിയൽ, ജസ്റ്റിസ് മുഹമ്മദ് അലി മസർ, ജസ്റ്റിസ് അതർ മിനല്ല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇമ്രാൻ ഖാനെ ഹാജരാക്കാൻ ഉത്തരവിട്ടത്. എന്നെ ഹൈക്കോടതിയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ലാത്തികൊണ്ട് തല്ലുകയും ചെയ്തു. ഒരു കുറ്റവാളിയോട് പോലും ഇങ്ങനെ പെരുമാറില്ല. എനിക്കൊന്നും അറിയില്ല. എന്താണ് സംഭവിച്ചതെന്ന് പോലും ഇപ്പോഴും എനിക്കറിയില്ല. ഇമ്രാൻ ഖാൻ സുപ്രീംകോടതിയിൽ പറഞ്ഞു. അറസ്റ്റ് ചെയ്യണമെങ്കിൽ വാറണ്ട് തരണമായിരുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതിയിലാണ് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ മറ്റൊരു കേസിൽ ഹാജരാകുന്നതിനിടെയാണ് പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗം ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്ന കേസും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉൾപ്പെടെ അറുപതിലേറെ കേസുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു.