
ദില്ലി; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് പാക് ഭരണകക്ഷിയായ പിടിഐയുടെ ആരോപണം. നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ട്വീറ്റുകളാണ് പിടിഐ ഔദ്യോഗികട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഗുജറാത്തിന്‍റെ കശാപ്പുകാരന്‍ എന്നാണ് മോദിയെ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
പാക് അധീന കശ്മീരിന്‍റെ തലസ്ഥാനമായ മുസഫറബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ റാലി നടക്കാനിരിക്കെയാണ് പിടിഐയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പരാമര്‍ശമുണ്ടായിരിക്കുന്നത്. കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് നിരാകരിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടിൽ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറൽ വ്യക്തമാക്കിയത്.
കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകർഷിക്കാനുള്ള ഈ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് റാലി നടത്താനുള്ള ഇമ്രാന്‍ ഖാന്‍റെ നീക്കം. ഇന്ത്യന്‍ സേന കശ്മീരില്‍ തുടരുന്ന ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനും പാകിസ്ഥാന്‍ കശ്മീരികള്‍ക്കൊപ്പമാണെന്ന് തെളിയിക്കാനുമാണ് മുസാഫറബാദിലെ റാലിയെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam