
ലാഹോർ: കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്ഥാൻ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ എധി വെൽഫെയർ ട്രസ്റ്റ് ആണ് 50 ആംബുലൻസുകളും മറ്റ് സഹായങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.. ട്രസ്റ്റ് മേധാവി ഫൈസൽ എധി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായി അറിയുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.
'കൊവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണമായ ആഘാതത്തെ തുടർന്ന് നിങ്ങളുടെ രാജ്യത്ത് നിരവധി ജനങ്ങൾ ദുരിതമനുഭവിക്കുന്നു എന്ന് അറിഞ്ഞപ്പോൾ വളരെയധികം ദുഖം തോന്നി.' കത്തിൽ പറയുന്നു. ആംബുലൻസിനൊപ്പം മെഡിക്കൽ ടെക്നീഷ്യൻസ്, ഡ്രൈവർമാർ, മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടുന്ന ഒരു സംഘത്തെയും ഇന്ത്യയിലേക്ക് അയക്കാമെന്ന് കത്തിൽ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയിലെ ജനങ്ങളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്നും ട്രസ്റ്റ് പറയുന്നു.
ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കി സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങള്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. #IndiaNeedsOxygen പാകിസ്ഥാന്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്. ഈ പ്രതിസന്ധി കാലത്ത് ഇന്ത്യക്കൊപ്പം നിൽക്കണമെന്നാണ് പാക് ജനത ഒന്നടങ്കം പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam