കുറഞ്ഞ നിരക്കിൽ കൊവിഡ് വാക്സീനുകൾ വരുന്നത് തടയാൻ അന്താരാഷ്ട്ര മരുന്നുലോബിയുടെ ഗൂഢാലോചന

By Web TeamFirst Published Apr 24, 2021, 10:02 AM IST
Highlights

ഇന്ന് ലോകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൊവിഡ് വാക്സീനിൽ വെറും ഒരു ശതമാനം മാത്രമാണ് അവികസിത രാജ്യങ്ങളിലേക്ക് പോവുന്നത്

പൊതുമേഖലയിൽ കുറഞ്ഞ നിരക്കിൽ വാക്സീൻ ഉത്പാദിപ്പിച്ചെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് തടയിടാൻ വേണ്ടി സ്വകാര്യ വാക്സീൻ ലോബികൾ ഗൂഢാലോചന നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. 2021 ന്റെ ആദ്യപാദത്തിൽ അമേരിക്കയിൽ സമർപ്പിക്കപ്പെട്ട ഡിസ്‌ക്ലോഷർ  ഫോമുകളിലാണ്, രാജ്യത്തെ നിയമനിർമാണ സഭകളിലെ അംഗങ്ങളെ,  വിശേഷിച്ച് ബൈഡൻ അഡ്മിനിസ്ട്രേഷനിലെ അംഗങ്ങളെ സ്വാധീനിക്കാൻ വേണ്ടി നൂറോളം ലോബിയിസ്റ്റുകളെ മരുന്ന് ലോബി നിയോഗിച്ചതിന്റെ തെളിവുകൾ പുറത്തായിരിക്കുന്നത്. കോവിഡ് വാക്സീനുകളുടെ ബൗദ്ധികസ്വത്തവകാശങ്ങൾ കൊവിഡ് വ്യാപനം പരിഗണിച്ച് താത്കാലികമായി റദ്ദുചെയ്യണം എന്ന ലോക വ്യാപാര സംഘടനയുടെ (WTO) യുടെ നിർദേശത്തെ നഖശിഖാന്തം എതിർക്കാൻ വേണ്ടിയാണ് ഈ ഗൂഢാലോചന എന്ന് 'ദ ഇന്റർസെപ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.  

ഈ ലോബിയിസ്റ്റുകളുടെ കൂട്ടത്തിൽ ഡെമോക്രാറ്റുകളുടെ പ്രധാന ഫണ്ട് റെയ്സർ ആയ മൈക്ക് മക്കെയും ഉൾപ്പെടും. ഇതിനു പുറമെ ഫാർമ കമ്പനികളുടെ പിന്തുണയോടെ, യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ്, ബിസിനസ് റൌണ്ട് ടേബിൾ തുടങ്ങിയ നിരവധി വാണിജ്യ വ്യാപാര സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. ഇങ്ങനെ ഒരു പദ്ധതി  പരോക്ഷമായി തുടങ്ങിയതിനു പിന്നാലെ വാക്സീൻ ലോബിക്ക് ഗുണകരമായ രീതിയിൽ, സെനറ്റർ തോം ടില്ലിസ്, ഹൊവാഡ് ഡീൻ തുടങ്ങിയ സമൂഹത്തിലെ പല ഉന്നതരിൽ നിന്നും പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. 

Howard Dean pushes Biden to oppose generic Covid-19 vaccines for developing countries https://t.co/85ixavQhqs by

— Ryan Grim (@ryangrim)

 

ഇന്ന് ലോകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൊവിഡ് വാക്സീനിൽ വെറും ഒരു ശതമാനം മാത്രമാണ് അവികസിത രാജ്യങ്ങളിലേക്ക് പോവുന്നത്. ഈയൊരു സാഹചര്യത്തിൽ, 2023 -24 ആയാലും ലോകജനസംഖ്യയുടെ നല്ലൊരു ഭാഗവും വാക്സിനേറ്റഡ് അല്ലാതിരിക്കാനുള്ള സാധ്യതകളാണ് പല പഠനങ്ങളിലും കാണുന്നത്. ഈ പ്രവചനങ്ങളെ തുടർന്നാണ് ഇന്ത്യയും, ദക്ഷിണാഫ്രിക്കയും അടക്കമുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ താത്കാലികമായി ബൗദ്ധിക സ്വത്തവകാശങ്ങൾ റദ്ദാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നീക്കം ലോക വ്യാപാര സംഘടനയിൽ ഉണ്ടായത്. ഈ പരിശ്രമത്തിന് വളരെ പെട്ടെന്ന് തന്നെ യൂറോപ്യൻ പാർലമെന്റിൽ നിന്ന് പലരുടെയും പിന്തുണ ആർജിക്കാൻ  സാധിച്ചിരുന്നു. ബെർണി സാൻഡേർസ് പോലെയുള്ള അമേരിക്കൻ നിയമനിർമ്മാതാക്കളും ഇതിനു പിന്തുണ അറിയിച്ചിരുന്നു .

എന്നാൽ ലോകവ്യാപാര സംഘടന ഇതിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു തീരുമാനമെടുത്താൽ കോടികളുടെ വ്യാപാര നഷ്ടം വരുമായിരുന്ന ആഗോള സ്വകാര്യ വാക്സീൻ ലോബിയെ ഈ കാമ്പെയ്ൻ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇങ്ങനെ ഒന്ന് ഇപ്പോൾ അനുവദിച്ചാൽ അത് ഭാവിയിൽ ഐ പി ചട്ടങ്ങളെ ദുര്ബലപ്പെടുത്തും എന്നും അവർ പ്രതികരിച്ചു. ഇപ്പോൾ വാക്സീനു ക്ഷാമം ഉണ്ടായിട്ടുള്ളത് ബൗദ്ധിക സ്വത്തവകാശം കാരണമല്ല എന്നും, അത് വാക്സീൻ നിർമാണത്തിന് വേണ്ട  അടിസ്ഥാനസൗകര്യങ്ങൾ കുറവായതു കൊണ്ടാണ് എന്നും മുഖ്യ വാക്സീൻ കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന ബയോടെക്‌നോളജി ഇന്നൊവേഷൻ ഓർഗനൈസേഷന്റെ പ്രസിഡന്റ് മിഷേൽ മാക്കരി ഹീത്ത് പറഞ്ഞു. എന്നാൽ വാക്സീൻ ലോബികളുടെ പ്രചാരണം അവാസ്തവമാണ് എന്നും, ബൗദ്ധിക സ്വത്തവകാശം എത്രയും പെട്ടെന്ന് തന്നെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ട് എന്നും, കൊവിഡ് വാക്സീന്റെ ഐപി അവകാശങ്ങളുടെ റദ്ദാക്കലിനെ പിന്തുണയ്ക്കുന്ന നോളജ് എക്കോളജി ഇന്റർനാഷണൽ എന്ന സംഘടന പ്രതികരിച്ചു.

click me!