
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇനി അസിം മുനീർ സർവാധികാരി. പാക് ചരിത്രത്തിലെ ആദ്യ സർവ സൈന്യാധിപനായി (ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്) ഔദ്യോഗിക നിയമനം. പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കിയത്. ഇതോടെ, കേസുകളിൽ നിന്നും വിചാരണയിൽ നിന്നും മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും. നവംബർ 12 ന് പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടർന്നാണ് നീക്കം. സർവ സൈന്യങ്ങളെയും ഏകീകരിക്കുക, നിർണായക സാഹചര്യങ്ങളിൽ തീരുമാനമെടുക്കുക എന്നിവയാണ് അസിം മുനീറിന്റെ കർത്തവ്യം.
അതേ സമയം, ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ പദവി ഏറ്റെടുക്കുന്നത് തടയാനാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതെന്ന റിപ്പോർട്ട് ശക്തമാകുകയാണ്. സി ഡി എഫ് പദവി സംബന്ധിച്ച വിജ്ഞാപനം നവംബർ 29 ന് ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് മുൻ അംഗം തിലക് ദേവാഷർ വെളിപ്പെടുത്തിയതായി എ എൻ ഐ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസീം മുനീർ സി ഡി എഫ് മേധാവിയാകുന്ന വിജ്ഞാപനത്തിൽ ഒപ്പിടേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂർവ നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ.
അസിം മുനീറിന്റെ കരസേനാ മേധാവി കാലാവധി നവംബർ 29 ന് അവസാനിച്ചിരുന്നു. ഇതെത്തുടർന്ന് പാകിസ്ഥാന് ഔദ്യോഗിക സൈനിക മേധാവിയില്ലാതെ വരുമെന്ന അവസ്ഥയിലായിരുന്നു നീക്കം. ആണവായുധ നിയന്ത്രണത്തിനുള്ള നാഷണൽ കമാൻഡ് അതോറിറ്റിയും നേതൃത്വമില്ലാതെ പ്രവർത്തിക്കുന്ന അപൂർവ സാഹചര്യമാണ് ഉണ്ടായിരുന്നത്. ആണവശേഷിയുള്ള രാജ്യത്തിന് ഇത്തരമൊരു ശൂന്യത അത്യന്തം അപകടകരമാണെന്ന് രാഷ്ട്രീയ - സുരക്ഷാ നിരീക്ഷകരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. സി ഡി എഫ് പദവി നിയമപരമായി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ പോലും നിയമവിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. 27 -ാം ഭരണഘടനാ ഭേദഗതിയിലൂടെ സൃഷ്ടിച്ച സി ഡി എഫ് പദവി അസിം മുനീറിന് അഞ്ച് വർഷത്തേക്ക് നൽകാനാണ് വിജ്ഞാപനം. ഇതോടെ സൈനിക മേധാവിക്ക് സർക്കാരിനേക്കാൾ അധികാരം ലഭിക്കും. ഷെഹ്ബാസ് ഷെരീഫിന്റെ ഈ 'തന്ത്രപരമായ അഭാവം' പാക്കിസ്ഥാൻ സൈന്യത്തിനകത്തും രാഷ്ട്രീയ മണ്ഡലങ്ങളിലും വൻ ചർച്ചയായി മാറിയിരിക്കുകയാണ്.