
ദില്ലി: അമേരിക്കയിൽ നിന്ന് ഈ വർഷം നാടുകടത്തിയ ഇന്ത്യൻ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഈ വർഷം ഇതുവരെ 3,258 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയെ അറിയിച്ചു. 2009 മുതൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആകെ എണ്ണം 18,822 ആണ്. നാടുകടത്തപ്പെടുന്നവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും, സ്ത്രീകളെയും കുട്ടികളെയും കൈവിലങ്ങുകളോ ചങ്ങലകളോ ഉപയോഗിച്ച് ബന്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യൻ സർക്കാർ യുഎസ് അധികൃതരുമായി ചർച്ചകൾ നടത്തി. സെപ്റ്റംബറിൽ നാടുകടത്തുന്നതിന് മുൻപ് 73 വയസ്സുള്ള ഹർജിത് കൗറിനോട് മോശമായി പെരുമാറിയതിനെ തുടർന്ന് യുഎസ്. അധികൃതരോട് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിമാനത്തിൽ കയറ്റുന്നതിന് മുൻപ് കൗറിനെ തടങ്കലിൽ വെച്ച് മോശമായി പെരുമാറി എന്ന് ജയശങ്കർ പറഞ്ഞു.
'സെപ്റ്റംബർ 26-ന് ഞങ്ങൾ ഔദ്യോഗികമായി യു.എസ്. എംബസിക്ക് കത്തെഴുതി അവരുടെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി. അവരുടെ പെരുമാറ്റത്തെക്കുറിച്ച് ശക്തമായ ആശങ്ക അറിയിക്കുകയും ഇക്കാര്യം അന്വേഷിക്കാൻ എംബസിയോടും അമേരിക്കൻ അധികാരികളോടും ആവശ്യപ്പെടുകയും ചെയ്തു എന്ന് ജയശങ്കർ വ്യക്തമാക്കി. നാടുകടത്തുന്ന വിമാനങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവെക്കുന്ന സംഭവങ്ങൾ ഫെബ്രുവരി 5-ന് ശേഷം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എങ്കിലും, നാടുകടത്തുന്നവരിൽ നിന്ന് സഹയാത്രികർക്കും ക്രൂ അംഗങ്ങൾക്കുമെതിരെ അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണ നയം 2012 നവംബർ മുതൽ യുഎസ് പിന്തുടരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
സമാജ്‌വാദി പാർട്ടി എം.പി. രാംജി ലാൽ സുമൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ജയശങ്കർ കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷം ജനുവരി മുതൽ നവംബർ 28 വരെ 3,258 ഇന്ത്യൻ പൗരന്മാരെയാണ് യുഎസ് നാടുകടത്തിയത്. ഇതിൽ 2,032 പേരെ സാധാരണ വാണിജ്യ വിമാനങ്ങളിലും, ബാക്കി 1,226 പേരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അല്ലെങ്കിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എന്നിവയുടെ ചാർട്ടർ വിമാനങ്ങളിലുമാണ് അയച്ചത്. 2009-ൽ 734 പേരെയാണ് നാടുകടത്തിയിരുന്നത്. 2019-ൽ ഇത് 2,042 ആയി ഉയർന്നു. 2024-ൽ വീണ്ടും 1,368 ആയി ഉയർന്ന ഈ നിരക്ക്, ഡൊണാൾഡ് ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റത്തിനെതിരെ നടപടി ശക്തമാക്കിയതിന് ശേഷമാണ് കുതിച്ചുയർന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുക, വിസയുടെ കാലാവധി കഴിഞ്ഞിട്ടും തുടരുക, രേഖകളില്ലാതെ യു.എസിൽ കഴിയുക, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുക എന്നിവയുടെ അടിസ്ഥാനത്തിലാണ് യു.എസ്. വ്യക്തികളെ നാടുകടത്തുന്നത്. നാടുകടത്തപ്പെടുന്നവരുടെ ഇന്ത്യൻ പൗരത്വം ഉറപ്പുവരുത്തിയ ശേഷം യു.എസ്. അധികൃതരുമായി സഹകരിച്ചാണ് ഇന്ത്യൻ സർക്കാർ നടപടികൾ ഏകോപിപ്പിക്കുന്നത്.
അതേസമയം, മനുഷ്യക്കടത്തിൽ ഏർപ്പെട്ട ഏജൻസികൾക്കെതിരെയും ട്രാവൽ ഏജൻ്റുമാർക്കെതിരെയും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നടപടിയെടുത്തതായി മന്ത്രി അറിയിച്ചു. ദേശീയ അന്വേഷണ ഏജൻസി മനുഷ്യക്കടത്ത് കേസുകൾ അന്വേഷിക്കുകയും 169 പേരെ അറസ്റ്റ് ചെയ്യുകയും 132 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഹരിയാനയിലും പഞ്ചാബിലും വെച്ച് രണ്ട് പ്രധാന മനുഷ്യക്കടത്ത് നടത്തുന്നവരെ ഈ വർഷം അറസ്റ്റ് ചെയ്തതായും മന്ത്രി വ്യക്തമാക്കി. പഞ്ചാബിൽ 25 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹരിയാനയിൽ 2,325 കേസുകളും 44 എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു, 27 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് സർക്കാരും ഒരു പ്രധാന മനുഷ്യക്കടത്തുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി പുതിയ നയം പ്രഖ്യാപിച്ചതിന് ശേഷം ഏപ്രിലിലാണ് വിസ റദ്ദാക്കൽ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. "ചെറിയ കുറ്റങ്ങൾക്കു പോലും വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നതും സ്വയം നാടുകടത്താൻ സമ്മർദ്ദം ചെലുത്തുന്നതും കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. "ചെറിയ കുറ്റങ്ങൾക്ക് ഇത്തരത്തിലുള്ള നടപടികൾ എടുക്കരുത് എന്ന് യുഎസ് സംവിധാനത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യൻ അധികൃതർ ഇടപെട്ടു. എങ്കിലും, വിസ നൽകാനുള്ള അധികാരം അതത് രാജ്യത്തിന്റെ പരമാധികാരമാണ്. വ്യക്തിയുടെ നിലപാടിന്റെ ദേശീയ സുരക്ഷാപരമായ പ്രത്യാഘാതങ്ങൾ വിലയിരുത്തി വിസ സംബന്ധിച്ച് തീരുമാനമെടുക്കാൻ യു.എസ്. സർക്കാരിന് അവകാശമുണ്ട് എന്നും ജയശങ്കർ കൂട്ടിച്ചേർത്തു.