
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാവത്തിന് ശുപാർശ ചെയ്ത് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. കഴിഞ്ഞ മാസം നടന്ന ഇന്ത്യ - പാകിസ്ഥാൻ സംഘർഷം ആണവ യുദ്ധത്തിൽ എത്താതെ തടഞ്ഞത് ട്രംപാണെന്ന് അവകാശപ്പെട്ടാണ് ഈ ശുപാർശയെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. ബുധനാഴ്ച അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരണമൊരുക്കിയിരുന്നു.
വൈറ്റ് ഹൗസിലെ സ്വീകരണത്തിന് മുമ്പാണ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പാകിസ്ഥാൻ സൈനിക മേധാവി ശുപാർശ ചെയ്തതെന്ന് അന്ന കെല്ലി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ ധാരണയിൽ മറ്റൊരു രാജ്യത്തിനും പങ്കില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വിശദീകരിച്ചതിന് ശേഷമാണ് ഇന്ത്യ - പാകിസ്ഥാൻ സംഘർഷം കുറച്ചതിനെന്ന പേരിൽ പാകിസ്ഥാൻ സൈനിക മേധാവി തന്നെ ട്രംപിന്റെ അതിന്റെ പേരിൽ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുന്നതും.
ഏപ്രിൽ 22ന് ജമ്മുകശ്മാരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തത്. എന്നാൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആക്രമണം നടത്താൻ തുടങ്ങിയതോടെ ഇന്ത്യ തിരിച്ചും ശക്തമായ ആക്രമണം നടത്തി. പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് ഉൾപ്പെടെയുള്ള വ്യോമ താവളങ്ങൾ ഇന്ത്യൻ ആക്രമണങ്ങളിൽ തകരുകയും ചെയ്തിരുന്നു.
മേയ് പത്താം തീയ്യതി പാകിസ്ഥാനിലെ പാകിസ്ഥാനിലെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ഇന്ത്യയിലെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ വിളിക്കുകയായിരുന്നു എന്നാണ് ഇന്ത്യ അറിയിച്ചത്. രണ്ട് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചകൾക്കൊടുവിൽ നാല് ദിവസം നീണ്ടുനിന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയിലെത്തുകയും ചെയ്തു. എന്നാൽ 'യുദ്ധം' അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്.
ഈയാഴ്ച കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങേണ്ടി വന്നതിനാൽ മോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയതിനെ തുടർന്ന് ബുധനാഴ്ച പ്രധാനമന്ത്രി മോദിയും ട്രംപും 35 മിനിറ്റോളം ഫോണിൽ സംസാരിച്ചിരുന്നു. പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും, ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം നിർത്തിയത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പരാതിപ്പെടുകയും ചെയ്തു.
പാക് സൈനിക മേധാവി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും മോദി അതിശയിപ്പിക്കുന്ന മനുഷ്യനാണെന്നും ട്രംപ് ആസിം മുനീറുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പറഞ്ഞു. ഇതിനെ കുറിച്ച് ഒരു വാർത്തയും വന്നെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ രണ്ട് പ്രധാന രാജ്യങ്ങൾ തമ്മിൽ, പ്രധാന ആണവശക്തികൾ തമ്മിലുള്ള ഒരു യുദ്ധം നിർത്തി. പക്ഷെ അത് സാരമില്ല. എല്ലാം ജനങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.