
ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾക്കിടയിൽ വീണ്ടും നാണംകെട്ട് പാകിസ്ഥാൻ. ലഷ്കറെ തൊയിബ ഭീകരനായ ഹാഷിം മൂസയെ ഇന്ത്യൻ സൈന്യം വധിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനായി ഹാഷിം മൂസയെന്ന വ്യാജേന മറ്റൊരാളെ അവതരിപ്പിച്ച് വാർത്താസമ്മേളനം നടത്തിയതോടെയാണ് പാക് സൈന്യം അപഹാസ്യരായത്. പാക് സൈന്യം അവതരിപ്പിച്ചയാൾ ഹാഷിം മൂസയല്ലെന്നും ഇത് വ്യാജ അവകാശവാദമാണെന്നും വെളിപ്പെടുത്തി സ്വതന്ത്ര ഏജൻസികളും പ്രതിരോധരംഗത്തെ വിദഗ്ധരും രംഗത്തെത്തിയതോടെയാണ് പാകിസ്ഥാന്റെ ആൾമാറാട്ട നാടകം പൊളിഞ്ഞത്.
കഴിഞ്ഞദിവസമാണ് ഭീകരനും ലഷ്കർ കമാൻഡറുമായ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ ഇന്ത്യൻ സൈന്യം വധിച്ചത്. ജമ്മുകശ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചതെന്നും ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യ പറയുന്നത് തെറ്റാണെന്നും ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്നും തെളിയിക്കാനാണ് പാക് സൈന്യം അപരനെ അവതരിപ്പിച്ചത്. പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമാണ് ഹാഷിം മൂസയാണെന്ന് പറഞ്ഞ് ഇയാളുമായി രൂപസാദൃശ്യമുള്ള മറ്റൊരാളുമായി വാർത്താസമ്മേളനം നടത്തിയത്. താൻ 2000-ൽ പാകിസ്ഥാൻ സൈന്യത്തിൽ ചേർന്നയാളാണെന്നും 2023-ൽ എസ്എസ്ജി ഹവിൽദാറായി വിരമിച്ചെന്നും താൻ ജീവനോടെയുണ്ടെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പാക് സൈന്യം അവതരിപ്പിച്ചയാൾ ഹാഷിം മൂസയല്ലെന്നാണ് സ്വതന്ത്ര ഏജൻസികളും പ്രതിരോധ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളും കഴിഞ്ഞദിവസം പാക് സൈന്യം അവതരിപ്പിച്ച അപരന്റെ ചിത്രങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ താരതമ്യം ചെയ്തപ്പോഴാണ് രണ്ടും രണ്ടാളുകളാണെന്ന് വ്യക്തമായത്. പാക് സൈന്യം അവതരിപ്പിച്ചയാളുടെ മുഖത്തിന്റെ ആകൃതി, മൂക്ക്, ചെവി, കണ്ണുകളുടെ സ്ഥാനം എന്നിവയൊന്നും ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളുമായി ഒത്തുപോകുന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ജീവനോടെ അവശേഷിച്ചിരുന്ന ലഷ്കർ ഭീകരിൽ ഒരാളായിരുന്നു ഹാഷിം മൂസ. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈന്യം ഇയാള വധിച്ചത്. കശ്മീരിൽ സാധാരണക്കാർക്ക് നേരേയും സൈന്യത്തിന് നേരേയും ഉണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഇയാൾ. പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ സുരക്ഷാസംഘത്തിലും ഇയാൾ പ്രവർത്തിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam