ഇന്ത്യയിലേക്കുള്ള ഹിന്ദു തീർഥാടകരെ പാകിസ്ഥാൻ തടഞ്ഞുവെച്ചതായി റിപ്പോർട്ട്

By Web TeamFirst Published Feb 8, 2023, 4:21 PM IST
Highlights

ഹിന്ദു കുടുംബങ്ങൾ സാധാരണയായി തീർഥാടനത്തിന് വിസ‌യിൽ ഇന്ത്യ‌യിലെത്തി വളരെക്കാലം തങ്ങുമെന്നും നിലവിൽ, രാജസ്ഥാൻ, ദില്ലി സംസ്ഥാനങ്ങളിൽ ധാരാളം പാക്കിസ്ഥാൻ ഹിന്ദുക്കൾ നാടോടികളായി താമസിക്കുന്നുണ്ടെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

ഇസ്ലാമാബാദ്: ഇന്ത്യയിലേക്ക് യാത്ര തിരിച്ച 190 ഹിന്ദുക്കളെ പാകിസ്ഥാൻ അധികൃതർ തടഞ്ഞതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന 190 ഹിന്ദുക്കളുടെ ഇന്ത്യ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് യാത്രയിൽ നിന്ന് ഇവരെ പാകിസ്ഥാൻ അധികൃതർ തടഞ്ഞതെന്ന് മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

സിന്ധിന്റെ ഉൾപ്രദേശങ്ങളിൽ നിന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ തീർഥാടന വിസയിൽ ഇന്ത്യയിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച വാഗാ അതിർത്തിയിൽ എത്തിയതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇവരുടെ യാത്രയുടെ ഉദ്ദേശ്യം ബോധിപ്പിക്കാൻ കഴിയാത്തതിനാൽ ഇവരെ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ വിട്ടയച്ചില്ലെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

ഹിന്ദു കുടുംബങ്ങൾ സാധാരണയായി തീർഥാടന വിസ‌യിൽ ഇന്ത്യ‌യിലെത്തി വളരെക്കാലം തങ്ങുമെന്നും നിലവിൽ, രാജസ്ഥാൻ, ദില്ലി സംസ്ഥാനങ്ങളിൽ ധാരാളം പാക്കിസ്ഥാൻ ഹിന്ദുക്കൾ നാടോടികളായി താമസിക്കുന്നുണ്ടെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ ജനസംഖ്യയുടെ 1.18 ശതമാനം മാത്രമാണ് ഹിന്ദുക്കൾ. പാകിസ്ഥാനിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ദരിദ്രരും രാജ്യത്തിന്റെ നിയമനിർമ്മാണ സംവിധാനത്തിൽ തുച്ഛമായ പ്രാതിനിധ്യമുള്ളവരുമാണെന്നുമാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിൽ സ്ഥിര താമസമാക്കിയവരാണ്. 

നാല് മാസത്തോളം നീണ്ട കാത്തിരിപ്പ്, ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിലെത്തി, ഇനി ഇറാനിലേക്ക് നടക്കും

click me!