തൂണുകള്‍ പോലെ ഉയര്‍ന്ന് പൊങ്ങി കറുത്ത പുക, തുര്‍ക്കിയിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു

Published : Feb 08, 2023, 11:56 AM IST
തൂണുകള്‍ പോലെ ഉയര്‍ന്ന് പൊങ്ങി കറുത്ത പുക, തുര്‍ക്കിയിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു

Synopsis

ചരക്ക് കയറ്റിറക്ക് സ്ഥലത്ത് തീപടർന്നതോടെ ടെർമിനൽ അടച്ചു. വിദേശ കപ്പലുകൾ മറ്റ് തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ഇസ്താംബുള്‍: തുടര്‍ ഭൂചനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന തുര്‍ക്കിയിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു. ഭൂചലനത്തെ തുടർന്നുണ്ടായ തകരാറാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്നുള്ള ഇസ്കെന്‍ഡറന്‍ നഗരത്തിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്കാണ് തീപിടിച്ചത്. രണ്ട് ദിവസമായി അഗ്നിബാധ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചരക്ക് കയറ്റിറക്ക് സ്ഥലത്ത് തീപടർന്നതോടെ ടെർമിനൽ അടച്ചു. വിദേശ കപ്പലുകൾ മറ്റ് തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. തിങ്കളാഴ്ച തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കണ്ടെയ്നറുകള്‍ തലകീഴായി മറിയുന്ന അവസ്ഥയുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള പ്രയത്നത്തിലാണ് തുര്‍ക്കിയുടെ കോസ്റ്റ് ഗാര്‍ഡുള്ളതെന്നാണ് റിപ്പോര്‍ട്ട്.

തുറമുഖത്ത് നിന്ന് കറുത്ത പുക വലിയ രീതിയില്‍ ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മേഖലയിലെ മറ്റ് വ്യാവസായിക തുറമുഖങ്ങളില്‍ പ്രശ്നങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ഡോക്കുകള്‍ തകര്‍ന്നതായാണ് തുര്‍ക്കിയുടെ ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്. മേഖലയിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തി വച്ചിരിക്കുകയാണ്. പൈപ്പ് ലൈനുകളിലെ കേടുപാടുകള്‍ പരിഗണിച്ചാണ് നീക്കം. തുര്‍ക്കിയിലെ മറ്റ് തുറമുഖങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.  

രാജ്യം കണ്ടതിൽവച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന സഹായം തേടിയുള്ള നിലവിളികൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും. ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ ആദ്യ ദിവസമുണ്ടായ തുടർ ചലനങ്ങൾ നിലച്ചതാണ് പ്രധാന ആശ്വാസമായിട്ടുള്ളത്.  കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിയവരുടെ നിലവിളിയും ശബ്ദ സന്ദേശങ്ങളും എത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും നിരവധിപ്പേര്‍ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. പക്ഷേ  രക്ഷാ പ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല.

കനത്ത മഴയും മഞ്ഞും, റോഡും വൈദ്യുതി ബന്ധങ്ങളും തകർന്നതുമാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസമായിട്ടുള്ളത്. അതേസമയം അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചിട്ടുണ്ട്. 

ഭൂചലനത്തിൽ മരണം 7800 കടന്നു; സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനം തുടരുന്നു, കഠിനമായ തണുപ്പ് പ്രധാന തടസ്സം

PREV
Read more Articles on
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ