
കീവ്: റഷ്യക്കെതിരെയുള്ള (Russia) യുദ്ധത്തിൽ യുക്രൈൻ (Ukraine) സൈന്യത്തിന് പാക് ശതകോടീശ്വരൻ മുഹമ്മദ് സഹൂർ (Mohammad Zahoor) യുദ്ധവിമാനങ്ങൾ വാങ്ങി നൽകിയതായി റിപ്പോർട്ട്. റഷ്യക്കെതിരായ പോരാട്ടത്തിൽ തന്റെ ഭർത്താവും മറ്റ് സമ്പന്നരായ സുഹൃത്തുക്കളും യുക്രൈനെ സഹായിക്കുകയാണെന്ന് സഹൂറിന്റെ ഭാര്യയും യുക്രേനിയൻ ഗായികയുമായ കമാലിയ സഹൂർ പറഞ്ഞതായി യുക്രൈനിലെ ടിഎസ്‌എൻ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. യുക്രൈൻ വ്യോമസേനയ്ക്ക് രണ്ട് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ തന്റെ ഭർത്താവ് സഹായിച്ചതായി അവർ പറഞ്ഞു. ഇക്കാര്യം പുറത്തുപറയാൻ ഭർത്താവ് സമ്മതിച്ചെന്നും ഇതുവരെ ഈ വിവരം മറച്ചുവെക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി.
യുക്രൈൻ പത്രമായ കീവ് പോസ്റ്റിന്റെ മുൻ ഉടമയായിരുന്ന സഹൂർ. യുദ്ധത്തിനിടെ യുക്രേനിയൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹൂറിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അഭയാർഥികളെ എത്തിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ സഹൂർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുക്രൈൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അദ്ദേഹം രാഷ്ട്രത്തലവൻമാരടക്കമുള്ള പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മാർച്ചിൽ അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ റഷ്യൻ ആക്രമണത്തിനെതിരെ യുക്രൈനെ പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും സഹൂർ ലോക ജനതയോട് ആഹ്വാനം ചെയ്തിരുന്നു. റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ യുക്രൈൻ സൈന്യം തുടരുകയാണ്. മരിയുപോളിൽ എഴുനൂറോളം യുക്രൈൻ സൈനികർ കീഴടങ്ങിയെന്ന് റഷ്യ അവകാശവാദമുന്നയിച്ചെങ്കിലും യുക്രൈൻ പ്രതികരിച്ചിട്ടില്ല.
മരിയുപോളിലെ അസ്തോവൽ ഉരുക്ക് നിർമ്മാണ ശാലയിൽ നടത്തിയ അവസാന ചെറുത്ത് നിൽപ്പിന്‍റെ ഭാഗമായവരെ തിരികെയെത്തിച്ചുവെന്നായിരുന്നു യുക്രൈന്റെ നേരത്തെയുള്ള വിശദീകരണം. അതിനിടെ കീവിൽ അമേരിക്കൻ എമ്പസി മൂന്ന് മാസത്തിന് ശേഷം വീണ്ടും തുറന്നു.
ഗൂഗിളിനെതിരെയും റഷ്യ നപടി സ്വീകരിച്ചു. ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചതിന് പിന്നാലെ ഗൂഗിളിന്റെ റഷ്യൻ ഉപവിഭാഗം പാപ്പർ സ്യൂട്ട് ഫയൽ ചെയ്തു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലുമാകാത്ത സ്ഥിതിയാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഗൂഗിൾ സെർച്ചും യൂട്യൂബും അടക്കമുള്ള സൗജന്യ സേവനങ്ങൾ റഷ്യയിൽ തുടർന്നു ലഭ്യമാകും. യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യൻ സർക്കാരിന് താൽപര്യമില്ലാത്ത വിവരങ്ങൾ പുറത്ത് വരുന്നത് തടയാൻ ഗൂഗിൾ റഷ്യക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam