
ദില്ലി: അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ച യോഗം ബഹിഷ്കരിച്ച് പാകിസ്ഥാൻ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടുത്തയാഴ്ച വിളിച്ചിരിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് പാകിസ്ഥാൻ അറിയിച്ചത്. അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് അയക്കാനുള്ള ഇന്ത്യയുടെ നീക്കവും പാകിസ്ഥാൻ തടഞ്ഞിട്ടുണ്ട്.
താലിബാൻ കാബൂൾ പിടിച്ച് രണ്ടര മാസം കഴിയുമ്പോഴും ആ രാജ്യത്തോട് സ്വീകരിക്കേണ്ട നിലപാടിൽ ആശയക്കുഴപ്പം തുടരുകയാണ്. അഫ്ഗാനിലെ താല്ക്കാലിക സർക്കാരിനെ പല രാജ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ത്യയും താലിബാനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭീകരസംഘടനകളെ നിയന്ത്രിക്കാൻ അഫ്ഗാനിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുരക്ഷ വിലയിരുത്താൻ യോഗം വിളിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
പാകിസ്ഥാനൊപ്പം ഇറാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ക്ഷണക്കത്ത് നൽകിയിരുന്നു. ദില്ലിയിൽ നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന യോഗത്തിനാണ് തീരുമാനം. അതിനിടൊണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ അറിയിച്ചത്. മേഖലയിലെ സമാധാന നീക്കങ്ങൾക്ക് തടസ്സം നിന്നത് ഇന്ത്യയാണെന്നും അതിനാൽ യോഗവുമായി സഹകരിക്കില്ലെന്നുമാണ് പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചത്. പാകിസ്ഥാൻറെ തീരുമാനത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
അതിനിടെ ശൈത്യകാലം തുടങ്ങുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാന് അൻപതിനായിരം ടൺ ഗോതമ്പ് അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അയ്യായിരം ട്രക്കുകൾ പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിൽ എത്തിക്കണം. എന്നാൽ ട്രക്കുകൾ കടന്നുപോകാൻ ഇതുവരെ പാകിസ്ഥാൻ അനുവാദം നല്കിയിട്ടില്ല. മാനുഷിക പരിഗണന നൽകി എടുക്കുന്ന തീരുമാനം പോലും പാകിസ്ഥാൻ മുടക്കുന്നു എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാന നീക്കങ്ങളിൽ ഇന്ത്യയുടെ കാര്യമായ പങ്കാളിത്തം തുടക്കത്തിൽ അമേരിക്കയും പാകിസ്ഥാനും ഉറപ്പാക്കിയിരുന്നില്ല. ഭീകരവാദം ഭീഷണിയാകുമ്പോൾ മാറിനിൽക്കേണ്ടതില്ല എന്ന നയത്തിൻറെ അടിസ്ഥാനത്തിലാണ് ഇന്ത്യ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചത്.
ഇതിനിടെ ശ്രീനഗർ നിന്നും ഷാർജയിലേക്കുള്ള വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപാത ഉപയോഗിക്കരുതെന്ന് പാകിസ്ഥാൻ അറിയിച്ചു. പതിനൊന്ന് വർഷത്തിന് ശേഷം വീണ്ടും ആരംഭിച്ച സർവീസിനാണ് പാക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചത്. ഇതോടെ കാശ്മീരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലെത്തണമെങ്കിൽ ഇനി ഉദയ്പൂർ, അഹമ്മദാബാദ് വഴി ഒമാനിലേക്ക് എത്തേണ്ടി വരും. ഇത് യാത്രയുടെ ദൈർഘ്യം ഒന്നരമണിക്കൂറോളം വർദ്ധിപ്പിക്കും, യാത്രാ ചിലവും കുത്തനെ കൂടുന്നതിന് കാരണമാവും. ശ്രീനഗറിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിൽ അധികവും കാശ്മീരികളാണ്. പാക് നടപടിക്ക് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam