Taliban| വിദേശ കറന്‍സി നിരോധിച്ച് താലിബാന്‍; ഉത്തരവ് ലംഘിച്ചാല്‍ കടുത്ത ശിക്ഷ

By Web TeamFirst Published Nov 3, 2021, 1:52 PM IST
Highlights

താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം അഫ്ഗാന്‍ കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം മരവിപ്പിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ പണമില്ലാത്തതും താലിബാന്‍ ഭരണകൂടത്തിന് തിരിച്ചടിയായി.
 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ (Afghanistan) വിദേശ കറന്‍സി (Foreign currency)പൂര്‍ണമായും നിരോധിച്ച് താലിബാന്‍ (Taliban) ഉത്തരവ്. നിയമം ലംഘിച്ച് വിദേശ കറന്‍സി ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷാനടപടിയുണ്ടാകുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം അഫ്ഗാന്‍ കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം മരവിപ്പിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ പണമില്ലാത്തതും താലിബാന്‍ ഭരണകൂടത്തിന് തിരിച്ചടിയായി. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാന്‍ നേരിടുന്നത്. അന്താരാഷ്ട്ര രാജ്യങ്ങള്‍ താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വിദേശസഹായവും ലഭ്യമല്ല. 


രാജ്യത്തെ പൗരന്മാര്‍ ഇടപാട് നടത്തുമ്പോള്‍ അഫ്ഗാനി തന്നെ ഉപയോഗിക്കണമെന്നും വിദേശ കറന്‍സി ഉപയോഗിക്കരുതെന്നും പൗരന്മാരോടും വ്യാപാര സ്ഥാപനങ്ങളോടും താലിബാന്‍ നിര്‍ദേശിച്ചു.  ഉത്തരവ് ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദീന്‍ പറഞ്ഞു.

അഫ്ഗാനിയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡോളറാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അതിര്‍ത്തി പ്രവിശ്യകളില്‍ പാകിസ്ഥാന്‍ രൂപയും ഉപയോഗിക്കുന്നു. അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഓഗസ്റ്റ് 15ന് കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിനുപിന്നാലെ 9.5 ബില്യണിലധികം ഡോളര്‍ ലഭിക്കുന്നതില്‍ നിന്നും അഫ്ഗാനിസ്ഥാനെ അമേരിക്കയും ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും തടഞ്ഞിരുന്നു.
 

click me!