നയിക്കുന്നത് ചൈന, പാകിസ്ഥാന്റെ പിന്തുണ, സാർക്കിന് പകരം കൂട്ടായ്മ രൂപീകരിക്കാൻ ശ്രമമെന്ന് റിപ്പോർട്ട്, ഇന്ത്യയെയും ക്ഷണിക്കും

Published : Jun 30, 2025, 09:20 PM IST
China

Synopsis

ചൈനയിലെ കുൻമിങ്ങിൽ പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അടുത്തിടെ ത്രിരാഷ്ട്ര യോഗം ചേർന്നിരുന്നു.

ദില്ലി: സാർക്കിന് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ) പകരം പുതിയ കൂട്ടായ്ന സ്ഥാപിക്കാൻ പാകിസ്ഥാനും ചൈനയും ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. പ്രാദേശികമായ ഒരുമക്കും ബന്ധത്തിനും പുതിയ സംവിധാനം അനിവാര്യമാണെന്ന് ബോധ്യമുള്ളതിനാലാണ് ഇക്കാര്യം ആലോചിക്കുന്നതെന്നും ചർച്ചകൾ പുരോഗതിയുടെ ഘട്ടത്തിലാണെന്നും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവ ഉൾപ്പെടുന്ന പ്രാദേശിക കൂട്ടായ്മയായ സാർക്കിന് പകരമായാണ് പുതിയ കൂട്ടായ്മ ആലോചിക്കുന്നത്. 

ചൈനയിലെ കുൻമിങ്ങിൽ പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അടുത്തിടെ ത്രിരാഷ്ട്ര യോഗം ചേർന്നിരുന്നു. യോ​ഗം നയതന്ത്ര നീക്കങ്ങളുടെ ഭാഗമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. സാർക്കിന്റെ ഭാഗമായിരുന്ന മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളെ പുതിയ ഗ്രൂപ്പിൽ ചേരാൻ ക്ഷണിക്കുക എന്നതാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ നിർദ്ദിഷ്ട ഫോറത്തിലേക്ക് ഇന്ത്യയെ ക്ഷണിക്കുമെന്നും ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഗ്രൂപ്പിന്റെ ഭാഗമാകുമെന്നും പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. 

മെച്ചപ്പെട്ട വ്യാപാരത്തിലൂടെയും കണക്റ്റിവിറ്റിയിലൂടെയും കൂടുതൽ പ്രാദേശിക സഹകരണം ഉറപ്പാക്കുക എന്നതാണ് പുതിയ സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് പത്രം പറഞ്ഞു. 2014-ൽ കാഠ്മണ്ഡുവിൽ നടന്ന അവസാന ഉച്ചകോടിക്ക് ശേഷം സാർക്ക് ഉച്ചകോടികൾ നടന്നിട്ടില്ല. 

2016 ലെ സാർക്ക് ഉച്ചകോടി ഇസ്ലാമാബാദിൽ നടക്കേണ്ടതായിരുന്നു. എന്നാൽ ആ വർഷം സെപ്റ്റംബർ 18 ന് ജമ്മു കശ്മീരിലെ ഉറിയിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം, ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ കഴിയില്ലെന്ന് അറിയിച്ചു. പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളും ഇസ്ലാമാബാദ് യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉച്ചകോടി റദ്ദാക്കി.

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്