'നിങ്ങള്‍ പറയുന്ന കശ്മീരിലെ ഭീകരവാദം ഞങ്ങള്‍ക്ക് നിയമപരമായ പോരാട്ടമാണ്'; പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി

Published : Jun 30, 2025, 07:24 PM IST
Asim Munir

Synopsis

ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്നും അസിം മുനീര്‍ പറഞ്ഞു

ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ വിഷയത്തിൽ പ്രകോപന പ്രസംഗവുമായി വീണ്ടും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീര്‍. ജമ്മു കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഭീകരവാദമായി മുദ്രകുത്തുന്നതെന്ന്  അസിം മുനീര്‍ പറഞ്ഞു. പോരാട്ടത്തിൽ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാൻ നിൽക്കുമെന്നും അസിം മുനിര്‍ പറഞ്ഞു. 

കറാച്ചിയിലെ പാകിസ്ഥാൻ നാവിക സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിനിടെയായിരുന്നു അസിം മുനീറിന്‍റെ വിവാദ പ്രസ്താവന. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്നും അസിം മുനീര്‍ പറഞ്ഞു.

"അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഇന്ത്യ തീവ്രവാദമായി ചിത്രീകരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തെ അടിച്ചമര്‍ത്താനും പരിഹാരത്തിന് പകരം സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കുന്നവര്‍ ഈ പോരാട്ടത്തെ കൂടുതൽ പ്രസക്തമാക്കുകയാണ്"- അസിം മുനീര്‍ അവകാശപ്പെട്ടു.

കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ  കശ്മീര്‍ വിഷയത്തിൽ ഒരൊറ്റ പ്രമേയം കൊണ്ടുവരണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നതെന്നും അസിം മുനീര്‍ പറഞ്ഞു. കശ്മീര്‍ പാകിസ്ഥാന്‍റെ കഴുത്തിലെ സിരയാണെന്നാണ് നേരത്തെ അസിം മുനീര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും എന്നും എല്ലായിപ്പോഴും രാജ്യത്തിന്‍റെ അവിഭാജ്യമായി തുടരുമെന്ന് ഇന്ത്യ പലപ്പോഴായി പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിനുശേഷം പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു. 

ഇന്ത്യയുടെ ആക്രമണത്തിനിടെ അസിം മുനീര്‍ ബങ്കറുകളിൽ അഭയം പ്രാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘര്‍ഷം അവസാനിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞശേഷമാണിപ്പോള്‍ വീണ്ടും പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി രംഗത്തെത്തിയത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു