- Home
- News
- International News
- തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
ജപ്പാനിൽ 7.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായതിന് പിന്നാലെ മെഗാക്വേക്ക് മുന്നറിയിപ്പ്. ഇത് ഉറപ്പായും സംഭവിക്കുമെന്ന പ്രവചനമല്ല മറിച്ച് വലിയ ഭൂകമ്പത്തിനുള്ള സാധ്യതയെ കുറിച്ച് ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ്.

ജപ്പാനിൽ അപൂർവ്വ മുന്നറിയിപ്പ്
ജപ്പാനിൽ മെഗാക്വേക്ക് (വൻ ഭൂകമ്പം) ഉണ്ടായാൽ അത് എത്ര വലിയ ദുരന്തമാകുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ജെഎംഎ മുന്നറിയിപ്പ് നൽകുന്നു. ഈ തിങ്കളാഴ്ച ജപ്പാനിൽ 7.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായി. പിന്നാലെയാണ് മെഗാക്വേക്കിനെ കുറിച്ചുള്ള ജെഎംഎയുടെ മുന്നറിയിപ്പ്. ഇത് ഉറപ്പായും സംഭവിക്കുമെന്ന പ്രവചനമല്ല മറിച്ച് വലിയ ഭൂകമ്പത്തിനുള്ള സാധ്യതയെ കുറിച്ച് ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ്. സംഭവിക്കാൻ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നും ജെഎംഎ അറിയിച്ചു.
എന്താണ് മെഗാക്വേക്ക്?
മെഗാക്വേക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എട്ടോ അതിലധികമോ തീവ്രതയുള്ള തുടർ ചലനത്തിന് സാധ്യതയുണ്ട് എന്നാണ്. ഇത്തരം വിനാശകരമായ ഭൂകമ്പങ്ങൾ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. 2011ൽ ഏകദേശം 20000 പേരുടെ മരണത്തിന് കാരണമായ ശക്തമായ ഭൂകമ്പമുണ്ടായതു പോലെ ഇനി സംഭവിച്ചാൽ നേരിടാൻ ജനങ്ങൾ സജ്ജമാകണമെന്നാണ് മുന്നറിയിപ്പ്. ജപ്പാനിലെ കാലാവസ്ഥാ ഏജൻസി 2022 മുതലാണ് മെഗാക്വേക്ക് മുന്നറിയിപ്പുകൾ നൽകിത്തുടങ്ങിയത്. തീവ്രത 7ലും കൂടിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെയാണ് മെഗാക്വേക്ക് മുന്നറിയിപ്പ് നൽകുന്നത്.
98 അടി ഉയരമുള്ള സുനാമി
മെഗാക്വേക്ക് ഉണ്ടായാൽ ഇത് 98 അടി ഉയരമുള്ള സുനാമിക്ക് കാരണമാകും. 1,99,000 പേര്‍ക്ക് ജീവൻ നഷ്ടമാകും. 2,20,000 കെട്ടിടങ്ങൾ തകരും. ഏകദേശം 198 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം എന്നാണ് ജപ്പാനിലെ വിലയിരുത്തൽ. ഇത്തരമൊരു ദുരന്തം ശൈത്യകാലത്ത് സംഭവിച്ചാൽ 42,000 പേരെ ഹൈപ്പൊതെർമിയ ബാധിച്ചേക്കാം.
കഴിഞ്ഞ ദിവസമുണ്ടായത് 7.5 തീവ്രതയുള്ള ഭൂകമ്പം
തിങ്കളാഴ്ച രാത്രി 7.5 തീവ്രതയുള്ള ഭൂകമ്പമാണ് അമോറിയിലുണ്ടായത്. വടക്കൻ ഹോൻഷുവിലും അമോറിയലും 54 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 60 സെന്റിമീറ്റർ മുതൽ 70 സെന്റിമീറ്റർ വരെ ഉയരമുള്ള ചെറുസുനാമികളും ഉണ്ടായിരുന്നു. 33 പേർക്കാണ് പരിക്കേറ്റത്. ഇതിന്റെ തുടർചലനങ്ങളുടെ സാധ്യതാ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയത്.
ആശങ്ക വേണ്ട, മുന്നറിയിപ്പ് ജാഗ്രതയ്ക്കായി മാത്രം
കഴിഞ്ഞ വർഷത്തെ ജപ്പാന്റെ മെഗാക്വേക്ക് മുന്നറിയിപ്പ് രാജ്യത്തുടനീളം വലിയ ആശങ്കകൾക്കിടയാക്കി. ചില ബീച്ചുകൾ അടച്ചുപൂട്ടുകയും പരിപാടികളിൽ പലതും റദ്ദാക്കുകയും ചെയ്തു. ഇത് വിനോദസഞ്ചാരികളുടെ വരവിനെയും ബാധിച്ചു. അവശ്യ വസ്തുക്കൾ സംഭരിക്കാനുള്ള തിരക്കായിരുന്നു എല്ലായിടത്തും. ടോക്കിയോയിൽ പോലും സൂപ്പർ മാർക്കറ്റുകൾ കാലിയാകുന്ന സാഹചര്യം വന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ മുന്നറിയിപ്പിൽ, ഇങ്ങനെയൊരു ദുരന്തമുണ്ടാവാൻ കേവലം ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ വിഭാഗം എടുത്തുപറഞ്ഞിട്ടുണ്ട്.