14 മണിക്കൂർ ലോഡ് ഷെഡിങ്, വ്യവസായ മേഖല സ്തംഭനാവസ്ഥയിൽ, പാചകവാതകം കിട്ടാനില്ല; പശ്ചിമേഷ്യൻ യുദ്ധമേൽപ്പിച്ച ആഘാതത്തിൽ പാകിസ്ഥാൻ

Published : Apr 19, 2026, 12:53 PM IST
Pakistan

Synopsis

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പാകിസ്ഥാൻ കടുത്ത ഊർജ്ജ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും നേരിടുന്നു. ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് ഗ്യാസ് ക്ഷാമം രൂക്ഷമാവുകയും ഇത് വൈദ്യുതി പ്രതിസന്ധിയിലേക്കും വ്യാവസായിക സ്തംഭനത്തിലേക്കും നയിക്കുകയും ചെയ്തു. മണിക്കൂറുകൾ നീളുന്ന ലോഡ്ഷെഡിംഗും കൊടുംചൂടും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് പാകിസ്ഥാൻ കടുത്ത ഊർജ്ജ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ രാജ്യം വൻതോതിലുള്ള വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്. ഒപ്പം വ്യാവസായിക മേഖല സ്തംഭനാവസ്ഥയിലാണ്. വൈദ്യുതി കമ്മി 4,500 മെഗാവാട്ടായി ഉയർന്നു. ഇത് രാജ്യത്തെ ആകെ ആവശ്യകതയുടെ നാലിലൊന്നോളം വരും. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മണിക്കൂറുകളോളം നീളുന്ന ലോഡ്ഷെഡിംഗ് ആണ് നിലവിലുള്ളത്. ചിലയിടങ്ങളിൽ ഇത് 14 മണിക്കൂർ വരെയാണ്.

പാകിസ്ഥാൻ പ്രകൃതിവാതകത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഖത്തറിനെയാണ്. യുദ്ധത്തെ തുടർന്ന് ഈ ഇറക്കുമതി തടസ്സപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഖത്തറിലെ എൽഎൻജി പ്ലാന്റിന് നേരെയുണ്ടായ ആക്രമണവുമാണ് കാരണം. വൈദ്യുതിയും ഗ്യാസും ഇല്ലാതായതോടെ പാകിസ്ഥാനിലെ ഫാക്ടറികൾ പ്രതിദിനം 8 മണിക്കൂർ വരെ പ്രവർത്തനം നിർത്തേണ്ട സ്ഥിതിയിലായി. ഉൽപ്പാദനം കുറഞ്ഞത് കയറ്റുമതിയെയും വരുമാനത്തെയും ബാധിച്ചു. ഇതിനിടെയാണ് കൊടും ചൂടും രാജ്യത്ത് വില്ലനായത്. ഈ പ്രതിസന്ധി ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ഇന്ധനത്തിന് റേഷനിംഗ് ഏർപ്പെടുത്തുകയും വർക്ക് ഫ്രം ഹോം രീതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 21 ശതമാനം എൽഎൻജി ഉപയോഗിച്ചാണ്. ഇറക്കുമതി ചെയ്യുന്ന എൽഎൻജിയുടെ 99 ശതമാനവും ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ്. യുദ്ധം കാരണം സമുദ്രപാതകൾ തടസ്സപ്പെട്ടതോടെ ഇറക്കുമതി നിലച്ചു. ഉയർന്ന വില നൽകി സ്പോട്ട് മാർക്കറ്റിൽ നിന്ന് ഇന്ധനം വാങ്ങാനുള്ള സാമ്പത്തിക ശേഷി പാകിസ്ഥാന് നിലവിലില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയാകാൻ ഒരുങ്ങുന്നതിനിടെയാണ് സ്വന്തം രാജ്യത്ത് ഇത്തരമൊരു വൻ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. വിദേശ നാണയ ശേഖരം കുറവായ പാകിസ്ഥാന് ഈ ഊർജ്ജ പ്രതിസന്ധി മറികടക്കുക വലിയ വെല്ലുവിളിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ട് അധികൃതർ, സന്ദർശകരെ ഏപ്രിൽ 20 മുതൽ സ്വീകരിക്കും
ചരിത്രപരമായ തീരുമാനം! സ്വവർഗ വിവാഹങ്ങൾക്ക് ആശിർവാദം നൽകാൻ അനുമതി നൽകി ചർച്ച് ഇൻ വെയ്‌ൽസ്