പാകിസ്ഥാൻ പരിഭ്രാന്തിയിൽ, സുപ്രധാന നയതന്ത്ര നീക്കവുമായി ഇന്ത്യ; ഭീകരാക്രമണത്തെ അപലപിച്ച താലിബാനുമായി ചർച്ച

Published : Apr 30, 2025, 05:41 PM IST
പാകിസ്ഥാൻ പരിഭ്രാന്തിയിൽ, സുപ്രധാന നയതന്ത്ര നീക്കവുമായി ഇന്ത്യ; ഭീകരാക്രമണത്തെ അപലപിച്ച താലിബാനുമായി ചർച്ച

Synopsis

കശ്മീരിലെ ഭീകരാക്രമണത്തെ താലിബാൻ അപലപിക്കുകയും ദില്ലിയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂ‍ർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതിന് പിന്നാലെ സുപ്രധാന നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാരുമായി ഇന്ത്യ ചർച്ചകൾ നടത്തിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിലെ ഭീകരാക്രമണത്തെ താലിബാൻ അപലപിക്കുകയും ദില്ലിയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം കാബൂളുമായുള്ള ഔദ്യോഗിക ബന്ധം ഇന്ത്യ വിച്ഛേദിച്ചിരുന്നു.

ഈ സാഹചര്യത്തിലും ഇത് ഇന്ത്യക്ക് ഒരു വലിയ നയതന്ത്ര വിജയമാണ്. കഴിഞ്ഞ തിങ്കളാഴ്ച ഒരു ഇന്ത്യൻ പ്രതിനിധി സംഘം കാബൂൾ സന്ദർശിക്കുകയും താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അടുത്തിടെയുള്ള പ്രാദേശിക സംഭവവികാസങ്ങൾ ആണ് പ്രധാനമായും ചർച്ച ചെയ്തത്. ഇത് പാകിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി.

ഇസ്ലാമാബാദ് അതിർത്തി തർക്കങ്ങൾ, ഭീകരവാദ ആരോപണങ്ങൾ, അഫ്ഗാൻ അഭയാർഥികളെ കൂട്ടത്തോടെ നാടുകടത്തൽ എന്നിവ കാരണം ഒരു വർഷത്തോളം നീണ്ടുനിന്ന പിരിമുറുക്കത്തിന് ശേഷം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അഫ്ഗാനിസ്ഥാൻ സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം. ഇസ്ലാമാബാദ് തങ്ങളുടെ ഉദ്യോഗസ്ഥരെ ലോക തലസ്ഥാനങ്ങളിലേക്ക് തിരക്കിട്ട് അയക്കുകയും ഭീകരരെ ഒളിപ്പിക്കുകയും നിഷ്പക്ഷ അന്വേഷണത്തിനായി യാചിക്കുകയും അതിർത്തിയിലേക്ക് വ്യോമ പ്രതിരോധം മാറ്റുകയും അതിർത്തി കടന്നുള്ള ആക്രമണം ശക്തമാക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ പാകിസ്ഥാൻ പരിഭ്രാന്തിയിലായി എന്നത് വ്യക്തമാണ്. കാബൂൾ ദില്ലിയുമായി സൗഹൃദ സമീപനം സ്വീകരിക്കുന്നത് ഇസ്ലാമാബാദിന്‍റെ ഈ പരിഭ്രാന്തി കൂടുതൽ വർദ്ധിപ്പിക്കും.

അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാൻ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും കേന്ദ്ര സർക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്. ഭീകരർ എത്തിയത് പാകിസ്ഥാനിൽ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുന്നുവെന്നും ലോകത്തിന് മുന്നിൽ തെളിവ് സഹിതം അവതരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും