'ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചത് പാക് സൈന്യം, എന്നിട്ട് ഞങ്ങളെ ഭീകരരെന്ന് വിളിക്കുന്നു'; പാകിസ്ഥാനെ തുറന്നുകാട്ടി അമാൻ ഖാൻ

Published : Jul 03, 2026, 12:41 AM IST
Pok Not Pakistan

Synopsis

പാക് അധിനിവേശ കാശ്മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭം 24-ാം ദിവസവും തുടരുകയാണ്.  ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും പാകിസ്ഥാനെ പൂർണ്ണമായും ഒഴിവാക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

പാക് അധിനിവേശ കാശ്മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭം 24-ാം ദിവസത്തിലേക്ക് കടന്നു. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന കൂറ്റൻ റാലിയിൽ എൺപതിനായിരത്തിലധികം പ്രതിഷേധക്കാരാണ് അണിനിരന്നത്. റാലിയെ അഭിസംബോധന ചെയ്ത ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നേതാവ് സർദാർ അമാൻ ഖാൻ, പാകിസ്ഥാന്റെ ഭീകരവാദ അജണ്ടകളെയും പാക് സൈന്യത്തിന്റെ പങ്കിനെയും പരസ്യമായി തുറന്നുകാട്ടി രംഗത്തെത്തി. കശ്മീരികളുടെ കൈകളിൽ യഥാർത്ഥത്തിൽ ആയുധങ്ങൾ വെച്ചുനൽകിയത് പാകിസ്ഥാൻ സൈന്യമാണെന്ന് അമാൻ ഖാൻ ആരോപിച്ചു.

'ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിട്ടത് പാക് സൈന്യമാണ്. കശ്മീരികൾക്ക് തോക്കുകൾ നൽകിയവർ തന്നെ ഇന്ന് ഞങ്ങളെ ഭീകരവാദികൾ എന്ന് വിളിക്കാൻ ധാർഷ്ട്യം കാണിക്കുകയാണ്'- അമാൻ ഖാന്‍റെ ഈ വാക്കുകൾ വലിയ കൈയടികളോടെയാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റാവലകോട്ടിൽ നടന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പരിപാടിയെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. അന്ന് എകെ-47 തോക്കുകളും വാളുകളുമായി ഭീകരർ നഗരത്തിലൂടെ പരസ്യമായി മാർച്ച് നടത്തിയിരുന്നു. റാവലകോട്ട് ഡെപ്യൂട്ടി കമ്മീഷണറാണ് ആ റാലിക്ക് അനുമതി നൽകുകയും അവർക്ക് സുരക്ഷയൊരുക്കുകയും ചെയ്തതെന്ന് അമാൻ ഖാൻ വെളിപ്പെടുത്തി. തോക്കുകളുമായി റാലി നടത്തിയവർക്ക് കാവൽ നിന്ന ഉദ്യോഗസ്ഥരാണ്, ഇപ്പോൾ ഈ മണ്ണിന്‍റെ യഥാർത്ഥ അവകാശികളെ ഭീകരരെന്നു വിളിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധക്കാരുടെ 38 ആവശ്യങ്ങൾ പാകിസ്ഥാൻ സർക്കാർ അടിയന്തരമായി അംഗീകരിച്ച് നടപ്പിലാക്കണമെന്ന് അമാൻ ഖാൻ മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ സമരം വെറുമൊരു പ്രതിഷേധമായി ഒതുങ്ങില്ലെന്നും പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ പൂർണ്ണമായും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുള്ള വലിയൊരു വിപ്ലവമായി ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസം മുമ്പ് റാവലകോട്ടിൽ നടന്ന സമരത്തിനിടെ തങ്ങളുടെ പ്രദേശം ഇനി പാകിസ്ഥാന്റെ നിയന്ത്രണത്തിൽ അല്ലെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങൾ അവഗണിച്ചാൽ ഇന്ത്യയുമായി ശക്തമായ സഹകരണത്തിന് ശ്രമിക്കുമെന്ന കടുത്ത മുന്നറിയിപ്പും പ്രതിഷേധക്കാർ പാകിസ്ഥാന് നൽകിയിട്ടുണ്ട്.

പാക് അധിനിവേശ കാശ്മീർ പാകിസ്ഥാന്റെ ഭാഗമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നിലവിൽ പാക് അധിനിവേശ കാശ്മീരിൽ മാത്രമല്ല ഈ പ്രതിഷേധം ആളിപ്പടരുന്നത്. വിവിധ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മേഖലയിലെ ജനങ്ങളും പാക് സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പല രാജ്യങ്ങളിലുമുള്ള പാകിസ്ഥാൻ എബസികൾക്ക് മുന്നിൽ പ്രവാസികളായ കാശ്മീരികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഴിമതി വിരുദ്ധ മിന്നൽ റെയ്ഡ്, പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ അടിവസ്ത്രങ്ങൾ, അറസ്റ്റിലായത് 47 പേർ
ആയത്തുള്ള അലി ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍; യുദ്ധത്തിൽ അമേരിക്ക തോറ്റെന്നും പാർലമെന്റ് സ്പീക്കർ