പാക് അധീന കശ്മീരിൽ ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച പ്രതിഷേധ സമ്മേളനം ഇന്ന്

By Web TeamFirst Published Sep 13, 2019, 7:43 AM IST
Highlights

പാകിസ്ഥാൻ കശ്മീരിനൊപ്പം നിൽക്കുന്നു, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റാലിയെന്ന് ഇമ്രാൻ ഖാൻ സെപ്തംബർ 11ന് ട്വീറ്റ് ചെയ്തിരുന്നു. 

ദില്ലി: പാക് അധീന കശ്മീരിലെ മുസഫറാബാദിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച പ്രതിഷേധ സമ്മേളനം ഇന്ന് തുടങ്ങും. പുനഃസംഘടനയ്ക്ക് പിന്നാലെ കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാകിസ്ഥാൻ കശ്മീരിനൊപ്പം നിൽക്കുന്നു, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമ്മേളനമെന്ന് ഇമ്രാൻ ഖാൻ സെപ്തംബർ 11ന് ട്വീറ്റ് ചെയ്തിരുന്നു. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകർഷിക്കാനുള്ള നീക്കങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാൻ ഖാന്‍റെ പുതിയ തീരുമാനം. പ്രതിഷേധ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങൾക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. ഒരു വശത്ത് ഭീകരവാദം വളർത്തുന്ന പാകിസ്ഥാൻ തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകൾ മെനയുകയാണെന്ന് ഇന്ത്യ യുഎന്നിൽ വ്യക്തമാക്കി. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ പറഞ്ഞു. യുഎൻ മനുഷ്യാവകാശ കമ്മീഷനിലടക്കം കശ്മീർ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

കൂടുതല്‍ വായിക്കാം; 'ഭീകരത വളർത്തുന്ന പാകിസ്ഥാൻ പറയുന്നത് കടുത്ത നുണ': യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ഇതിന് പിന്നാലെ പാക് അധീന കശ്മീരിനായി എന്തിനും സൈന്യം തയ്യാറാണെന്ന് വ്യക്തമാക്കി കരസേനാ മേധാവി ബിപിൻ റാവത്ത് ഇന്നലെ രം​ഗത്തെത്തി. സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ഇനി ലക്ഷ്യമെന്നും അദ്ദേഹം പറ‍ഞ്ഞു. 
 

 

click me!