Asianet News MalayalamAsianet News Malayalam

'ഭീകരത വളർത്തുന്ന പാകിസ്ഥാൻ പറയുന്നത് കടുത്ത നുണ': യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടത്. 

indias rebuttal in un human rights council to pakistan
Author
Geneva, First Published Sep 10, 2019, 8:14 PM IST

ജനീവ: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒരു വശത്ത് ഭീകരവാദം വളർത്തുന്ന പാകിസ്ഥാൻ തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകൾ മെനയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. 

തുടർച്ചയായി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് വരികയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞു. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. 

കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടത്. കശ്മീരിലേക്ക് യുഎൻ മനുഷ്യാവകാശ കൗൺസിൽ അന്വേഷണക്കമ്മീഷനെ നിയോഗിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. 

വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂർ സിംഗും പാകിസ്ഥാൻ പുറത്താക്കിയ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയും ഉൾപ്പടെയുള്ള ഉന്നതതല സംഘമാണ് യുഎൻ മനുഷ്യാവകാശകൗൺസിലിൽ പങ്കെടുത്തത്. വിജയ് ഠാക്കൂർ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗൺസിലിൽ പ്രസ്താവന നടത്തിയത്. 

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ അധ്യക്ഷൻ മിഷേൽ ബാച്ചലെ പറഞ്ഞതിന് പിന്നാലെയാണ് ഇന്ന് കശ്മീർ വിഷയം മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാൻ ഉന്നയിക്കുന്നതും ഇന്ത്യ മറുപടി പറയുന്നതും. ഇന്ത്യ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ബാച്ചലെ ആവശ്യപ്പെട്ടിരുന്നു. 

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയുടെ പ്രസ്താവനയുടെ സമഗ്രപരിഭാഷ:

ജമ്മു കശ്മീരിന്‍റെ പദവി സംബന്ധിച്ച് ഇന്ത്യൻ പാർലമെന്‍റ് എടുത്ത തീരുമാനം തീർത്തും പുരോഗമനപരമാണ്. രാജ്യമൊട്ടുക്കുമുള്ള നിയമം ജമ്മു കശ്മീരിലും നടപ്പാക്കുകയാണ് ഞങ്ങൾ ചെയ്തത്. ലിംഗനീതിയുടെ വിവേചനവും, ഭൂവുടമാവകാശവും, പ്രാദേശിക തെരഞ്ഞെടുപ്പിലെ പങ്കാളിത്തമില്ലായ്മയുമുൾപ്പടെ നിരവധി പ്രശ്നങ്ങൾ ജമ്മു കശ്മീരിന്‍റെ തനത് നിയമഘടനയിലുണ്ടായിരുന്നു. ഗാർഹിക പീഡനത്തിനെതിരായ നിയമവും, ശിശുസംരക്ഷണനിയമങ്ങളും, വിവരാവകാശവും, ജോലി ചെയ്യാനുള്ള അവകാശവുമടക്കമുള്ള പല നിയമങ്ങളും ജമ്മു കശ്മീരിൽ ബാധകമായിരുന്നില്ല. അവയെല്ലാം ബാധകമാക്കിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. 

ജമ്മു കശ്മീരിൽ അഭയാർത്ഥികളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള വിവേചനം ഇതോടെ അവസാനിക്കും. ജമ്മു കശ്മീർ നിയമഭേദഗതി പാർലമെന്‍റിൽ പാസ്സാക്കുന്നത് രാജ്യമെമ്പാടും സംപ്രേഷണം ചെയ്യപ്പെടുകയും രാജ്യത്തെ പൗരൻമാരെല്ലാവരും സ്വീകരിക്കുകയും ചെയ്തതാണ്. കശ്മീരുമായി ബന്ധപ്പെട്ട ഈ നിയമഭേദഗതി തീർത്തും രാജ്യത്തിന്‍റെ ആഭ്യന്തരവിഷയമാണ്, മറ്റ് നിയമങ്ങളെപ്പോലെത്തന്നെ. ഒരു രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തു നിന്ന് ഇടപെടൽ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് തീർത്തും അനുവദിക്കില്ല. 

എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് ജമ്മു കശ്മീർ ഭരണകൂടം നിലവിൽ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരൻമാർക്ക് നൽകുന്നുണ്ട്. ജനാധിപത്യപ്രക്രിയകൾ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണ്. അതിർത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ മാത്രമാണ്. 

തീവ്രവാദത്തിന്‍റെ ഇരയായിരുന്നു എന്നും ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളർത്തുന്നവരാണ് മനുഷ്യാവകാശത്തിന്‍റെ യഥാർത്ഥ ലംഘകർ. ഇതിനെതിരെ ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല. നിശ്ശബ്ദത തീവ്രവാദത്തെ വളർത്തുകയേയുള്ളൂ. തീവ്രവാദത്തെയും അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താൻ ലോകം ഒന്നിച്ചു നിൽക്കണം. 

മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിന്‍റെ മറ പിടിച്ച് രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. മറുരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവർ അവനവന്‍റെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് നോക്കണം. നുഴഞ്ഞുകയറുന്നവർ തന്നെയാണിവിടെ ഇരയായി നടിക്കുന്നത്.

ഇന്ത്യക്കെതിരെ തീർത്തും വ്യാജ ആരോപണങ്ങളും അടിസ്ഥാനരഹിതമായ കുറ്റങ്ങളും ചാർത്താനാണ് മറ്റൊരു രാജ്യം ശ്രമിച്ചത്. ആഗോള തീവ്രവാദത്തെ നേരിടാൻ ലോകം ശ്രമിക്കുമ്പോൾ അതിന്‍റെ വക്താക്കളെ സംരക്ഷിക്കുന്ന രാജ്യമാണത്. അതിർത്തി കടന്നുള്ള തീവ്രവാദമാണ് അവരുടെ 'ബദൽ നയതന്ത്രം'. 

അസം പൗരത്വറജിസ്റ്ററിനെക്കുറിച്ച്

തീർത്തും സുതാര്യവും വിവേചനരഹിതവുമായ നിയമപ്രക്രിയയാണ് പൗരത്വറജിസ്റ്ററിൽ നടന്നത്. ഇത് രാജ്യത്തെ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് നടന്നത്. ഇത് നടപ്പാക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളും രാജ്യത്തെ ഭരണഘടനയും ജനാധിപത്യ കീഴ്‍വഴക്കങ്ങളും പ്രകാരമായിരിക്കും.

മനുഷ്യാവകാശം സംരക്ഷിക്കാൻ എന്നും ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നും ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന 130 കോടി ജനങ്ങളുള്ള രാജ്യമാണിത്. 

പാകിസ്ഥാൻ പറഞ്ഞത് ..

കശ്മീരിനെക്കുറിച്ച് കൗൺസിലിൽ സംസാരിച്ച പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇന്ത്യക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. പക്ഷേ പ്രസംഗത്തിനൊടുവിൽ മാധ്യമങ്ങളെ കണ്ട ഖുറേഷി കശ്മീരിനെ വിശേഷിപ്പിച്ചത് ''ഇന്ത്യൻ സംസ്ഥാനം'' എന്നാണ്. 

കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും, ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണെന്നുമാണ് ഷാ മഹ്മൂദ് ഖുറേഷി കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ പറ‌ഞ്ഞത്. തീവ്രവാദത്തെ അടിച്ചമർത്താനെന്ന പേരിൽ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണെന്നും ഖുറേഷി ആരോപിച്ചു. 

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിലവിൽ 47 അംഗങ്ങളാണുള്ളത്. ഏഷ്യാ - പസിഫിക് എന്ന ഗ്രൂപ്പിലാണ് ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനുമുള്ളത്. കൗൺസിലിൽ ഇന്ത്യക്ക് 2021 വരെ അംഗത്വമുണ്ട്. പാകിസ്ഥാന്‍റെ അംഗത്വം 2020-ൽ അവസാനിക്കും.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പാക് വിദേശകാര്യമന്ത്രിയുടെ പ്രസംഗം നടക്കവെ, പുറത്ത് പാകിസ്ഥാനെതിരെ സിന്ധ് വംശജർ പ്രതിഷേധിച്ചു. സിന്ധ് മേഖലയിൽ സിന്ധികൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

indias rebuttal in un human rights council to pakistan

Follow Us:
Download App:
  • android
  • ios