
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നടന്ന ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇസ്ലാമാബാദ് കോടതിക്ക് സമീപം 12 പേർ കൊല്ലപ്പെട്ട ചാവേറാക്രമണത്തിനും, അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കേഡറ്റ് കോളേജിൽ നടന്ന ആക്രമണത്തിനും പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
'ഇന്ത്യൻ സ്‌പോൺസേർഡ് ഭീകര ശൃംഖലകളാണ്' ഇരട്ട ആക്രമണങ്ങൾ നടത്തിയതെന്ന് പാകിസ്ഥാൻ സർക്കാർ വാർത്താ ഏജൻസിയായ എ പി പി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 'സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന്റെ' തുടർച്ചയാണ് ഈ ആക്രമണങ്ങൾ, എന്ന് ഷെഹബാസ് ഷെരീഫ് ആരോപിച്ചു. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, യാതൊരു തെളിവുകളും പറയാൻ പോലും ഇല്ലാതെയാണ് ഷെരീഫ് ഇന്ത്യയെ പഴിചാരിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ പിന്തുണയുള്ള തീവ്രവാദികൾ ഇസ്ലാമാബാദിൽ ആക്രമണം നടത്തിയെന്നും, അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന അതേ ശൃംഖല തന്നെയാണ് വാനയിൽ നിഷ്കളങ്കരായ കുട്ടികളെ ആക്രമിച്ചതെന്നുമാണ് ഷെരീഫ് ആരോപിച്ചത്. ഇന്ത്യൻ രക്ഷാകർതൃത്വത്തിൽ അഫ്ഗാൻ മണ്ണിൽ നിന്ന് നടക്കുന്ന ഈ ആക്രമണങ്ങളെ അപലപിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്ക് മുമ്പ്, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രാജ്യം 'യുദ്ധത്തിലാണ്' എന്ന് പ്രസ്താവിച്ചിരുന്നു. ഇസ്ലാമാബാദ് ജില്ലാ ജുഡീഷ്യൽ കോംപ്ലക്‌സിന് സമീപം നടന്ന ചാവേറാക്രമണം രാജ്യത്തിന് ഉണരാനുള്ള വിളിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതേസമയം, ഖ്വാജ ആസിഫ് ആക്രമണങ്ങൾക്ക് പിന്നാലെ താലിബാൻ ഭരണകൂടത്തെയാണ് നേരിട്ട് കുറ്റപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള 'യുദ്ധം' ഇനി അതിർത്തി മേഖലയായ ഡ്യൂറൻഡ് ലൈനിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ അഫ്ഗാനുമായുള്ള സമാധാന ചർച്ചകളിൽ പുരോഗതി പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ഒരു യുദ്ധമുഖത്താണ്. പാകിസ്ഥാൻ സൈന്യം അഫ്ഗാൻ-പാക് അതിർത്തിയിലും ബലൂചിസ്ഥാനിലെ വിദൂര പ്രദേശങ്ങളിലും മാത്രമാണ് ഈ യുദ്ധം ചെയ്യുന്നതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ഇത് മുഴുവൻ പാകിസ്ഥാനും വേണ്ടിയുള്ള യുദ്ധമാണ്," അദ്ദേഹം എക്‌സിൽ കുറിച്ചു. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടി.ടി.പി.) നടത്തുന്ന ആക്രമണങ്ങൾ താലിബാൻ ഭരണകൂടവുമായി ബന്ധിപ്പിക്കുന്ന പാകിസ്ഥാൻ, ടി.ടി.പി.യെ 'ഇന്ത്യയുടെ പാവ' എന്ന് വിളിക്കുകയും ഇന്ത്യയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.