'പാക് സൈനികർ സംയമനം പാലിക്കണം, വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കും'; പാകിസ്ഥാൻ പ്രധാനമന്ത്രി

Published : May 11, 2025, 10:54 AM IST
'പാക് സൈനികർ സംയമനം പാലിക്കണം, വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കും'; പാകിസ്ഥാൻ പ്രധാനമന്ത്രി

Synopsis

'വെടിനിർത്തൽ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണം'- പാകിസ്ഥാൻ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സൈനികർ സംയമനം പാലിക്കണമെന്നും, വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹബാസ് ഷെരീഫ് പാക് സൈനികരോട് സംയമനം പാലിക്കണമെന്ന്  നിർദ്ദേശം നൽകിയത്.

വെടിനിർത്തൽ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണം- പാകിസ്ഥാൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സിന്ധു നദീ ജലവിഭജനം, കശ്മീർ വിഷയം, മറ്റ് തർക്കവിഷയങ്ങൾ എന്നിവയും വൈകാതെ പരിഹരിക്കപ്പെടുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. നേരത്തെ  ഇന്ത്യയുമായുള്ള വെടിനിർത്തൽ  ധാരണയെ പ്രശംസിച്ചും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞും ഷെരീഫ് എക്സിൽ പോസ്റ്റിട്ടിരുന്നു. സമാധാനത്തിനായി പ്രസിഡന്റ് ട്രംപ് മുൻകയ്യെടുത്ത് നടത്തിയ നീക്കത്തിന് ഞങ്ങൾ നന്ദി പറയുന്നുവെന്നായിരുന്നു കുറിപ്പ്.  

അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാന്‍റെ തുടർനീക്കം നിരീക്ഷിച്ച് വിരകയാണ് ഇന്ത്യ. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും പാകിസ്ഥാന്‍റെ നീക്കം എങ്ങനെയെന്നത് വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.

ഇന്നലെ രാത്രിയിൽ വെടി നിർത്തൽ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയിരുന്നു. അതിർത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകൾ നിലം തൊടീക്കാതെ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തിയിരുന്നു. ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക യൂണിറ്റിന് നേരെയുണ്ടായ ഭീകര ആക്രമണ നീക്കവും സൈന്യം തകർത്തു. 

PREV
Read more Articles on
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ