
ദില്ലി: അതിർത്തിയിലെ സംഘർഷങ്ങളുടെയും ഓപ്പറേഷൻ സിന്ദൂരിന്‍റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയിലും തകർന്ന ഭീകരവാദ സംഘടനകളെ സഹായിക്കാൻ പാകിസ്ഥാൻ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായി റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ 'ദുരിതാശ്വാസ'ത്തിന്റെ പേരിൽ പാകിസ്ഥാൻ കോടികളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായാണ് ഉയരുന്ന ആരോപണം. ഏറ്റുമുട്ടലിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 'പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജ്' എന്ന പേരിൽ 532 മില്യൺ പികെആർ സർക്കാർ അനുവദിച്ചതായാണ് വാർത്തകൾ പുറത്തുവരുന്നത്. പാകിസ്ഥാനിലെ ഭീകര വാദ സംഘടനകൾക്ക് നൽകാനാണ് ഈ പണം അനുവദിച്ചതെന്നാണ് വിമർശനം.
മെയ് 15നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഈ പാക്കേജ് വെറും മുഖംമൂടി മാത്രമാണെന്നാണ് പ്രതിരോധ രംഗത്തെ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പാക് അധീന കശ്മീരിൽ ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളെ ശക്തിപ്പെടുത്താൻ പാകിസ്ഥാൻ ഈ ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിമർശനം. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പാക് സർക്കാർ ഭീകരവാദ സംഘടനകൾക്ക് ഫണ്ട് വകമാറ്റി നൽകുന്നുണ്ടെന്ന് ആരോപിച്ചിരുന്നു.
ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടും, 2019ലെ പുൽവാമ, 2016ലെ ഉറി ഭീകരാക്രമണങ്ങൾക്കു പിന്നിൽ നിരോധിത സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണെന്ന് സ്ഥിരീകരിച്ചിട്ടും മസൂദ് അസ്ഹറിന് പാക്ക് സർക്കാർ ധനസഹായം നൽകുകയാണെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആരോപിച്ചത്. 14 കോടി രൂപയാണ് മസൂദിന് പാകിസ്ഥാൻ നൽകുന്നതെന്നും പാക്ക് പൗരൻമാരുടെ നികുതി പണമാണ് ഇതിനുവേണ്ടി ചെലവഴിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യയുടെ ആക്രമണത്തിൽ തകർക്കപ്പെട്ട ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ പുനർനിർമിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഭുജ് സൈനികത്താവളം സന്ദർശിക്കുന്നതിനിടെ രാജ്നാഥ് സിങ് പറഞ്ഞു.
പാകിസ്ഥാനുള്ള ഐഎംഎഫ് സഹായം ഭീകരതയ്ക്കുള്ള പരോക്ഷ ധനസഹായമായി മാറുകയാണെന്നും പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി. പാകിസ്ഥാനുള്ള ഏതൊരു സാമ്പത്തിക സഹായവും ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനു തുല്യമാണ്. ഐഎംഎഫ് അവരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) 8500 കോടിയുടെ സഹായം അനുവദിച്ചിരുന്നു . രണ്ട് തവണ ഗ്രേ ലിസ്റ്റിൽ പെട്ട പാകിസ്ഥാന് ധനസഹായം നൽകരുതെന്ന് ഇന്ത്യ അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യൺ ഡോളറിന്‍റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി രൂപ ഐഎംഎഫ് അനുവദിച്ചു. പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളിൽ നിന്നും വിട്ടു നിന്നിരുന്നു.