
ഇസ്ലാമാബാദ്/കാബൂൾ: കറാച്ചിയിലെ ആക്രമണത്തിന് അഫ്ഗാൻ അതിർത്തി കടന്ന് പാക്കിസ്ഥാൻ്റെ തിരിച്ചടി. അഫ്ഗാനിലെ വിവിധമേഖലകളിൽ നടത്തിയ ആക്രമണത്തിൽ 29 ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം, പാക്കിസ്ഥാൻ്റെ ആക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടതായാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ പ്രതികരണം.
ഞായറാഴ്ചയാണ് അഫ്ഗാനിലെ പക്തിയ, പക്തിക, കുനാർ മേഖലകളിൽ പാക്കിസ്ഥാൻ്റെ കനത്ത വ്യോമാക്രമണം നടന്നത്. ഈ മേഖലകളിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു പാക് മന്ത്രിയായ അത്തൗള്ള തരാർ പറഞ്ഞത്. ആക്രമണത്തിൽ 29 ഭീകരർ കൊല്ലപ്പെട്ടതായും പാക് മന്ത്രി അവകാശപ്പെട്ടു.
അതേസമയം, കിഴക്കൻ അഫ്ഗാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായും ഒട്ടേറെപേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പാക്കിസ്ഥാൻ്റേത് ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ കറാച്ചിയിൽ അർധസൈനികവിഭാഗമായ സിന്ധ് റേഞ്ചേഴ്സിന്റെ ആസ്ഥാനത്ത് ഭീകരസംഘടനയായ തെഹ്റീകെ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) ആക്രമണം നടത്തിയിരുന്നു. സ്ഫോടകവസ്തു നിറച്ച വാഹനം കെട്ടിടത്തിനകത്തേക്ക് ഇടിച്ചുകയറ്റി നടത്തിയ സ്ഫോടനത്തിൽ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. തുടർന്ന് പാക് സൈന്യവും സിന്ധ് റേഞ്ചേഴ്സും നടത്തിയ പ്രത്യാക്രമണത്തിൽ ആറ് ഭീകരരെ വധിച്ചു. കറാച്ചിയിൽ നടന്ന ഏറ്റുമുട്ടൽ ഒന്നരമണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോർട്ട്.
പാക്കിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന ടിടിപി കറാച്ചിയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പാക്കിസ്ഥാനിൽ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന ടിടിപിക്ക് സംരക്ഷണം നൽകുന്നത് അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണെന്നാണ് പാക്കിസ്ഥാൻ്റെ ആരോപണം. ഇതേച്ചൊല്ലി 2025 ഒക്ടോബർ മുതൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിരന്തരം സംഘർഷമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam