
വിക്ടോറിയ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെഷെൽസിലെ വിക്ടോറിയയിൽ നടക്കുന്ന സുവർണ്ണ ജൂബിലി ദേശീയ ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ സായുധ സേനയുടെ മാർച്ചിംഗ് ഗ്രൂപ്പും രണ്ട് നാവികസേനാ കപ്പലുകളും ഈ മാർച്ചിൽ അണിനിരക്കും. സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹത്തെയും മോദി ഇന്ന് കാണും. വിനായക ക്ഷേത്രത്തിലും ദർശനം നടത്തും. സെയ്ഷെൽസിന്റെ പരമോന്നത ബഹുമതിയായ ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ ഇന്നലെ പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി, പ്രതിപക്ഷ നേതാവ് ബെർണാഡ് ജോർജസ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകളും പ്രധാനമന്ത്രി നടത്തിയിരുന്നു. സമുദ്ര സുരക്ഷ, സാമ്പത്തിക സഹകരണം, കാലാവസ്ഥാ പ്രതിരോധം, ഡിജിറ്റൽ മേഖല ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ് ചർച്ചകളിൽ പ്രധാനമായും വിലയിരുത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
സമുദ്ര സുരക്ഷയ്ക്കും സമാധാനത്തിനും ഒന്നിച്ചു നീങ്ങാം എന്ന സന്ദേശമാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സെയ്ഷെൽസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പങ്കാളിത്തമാണ് സെയ്ഷെൽസ് രണ്ടാം തവണ സന്ദർശിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. സെയ്ഷെൽസ് ദേശീയ അസംബ്ളിയിൽ എം പിമാരോട് സംസാരിക്കവേയാണ് ഇക്കാര്യം മോദി വ്യക്തമാക്കിയത്. സെയ്ഷെൽസിൽ സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രതിപക്ഷവും മോദിയുടെ പ്രസംഗം കേൾക്കാനെത്തിയത് ശ്രദ്ധേയമായി. നാനാത്വത്തിൽ ഏകത്വം അടക്കമുള്ള മൂല്യങ്ങൾക്ക് ഇന്ത്യയിലേക്ക് സെയ്ഷെൽസ് ഉറ്റുനോക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ബർണാഡ് ജോർജസ് പറഞ്ഞു. സെയ്ഷൽസ് ദേശീയ ദിനാഘോഷത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷത്തിലെ മുഖ്യാതിഥി കൂടിയാണ് മോദി. ഈ ആഘോഷം സർക്കാരുമായുള്ള ഭിന്നത കാരണം ബഹിഷ്ക്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്, മോദിയോട് പറഞ്ഞു. നരേന്ദ്ര മോദി അഭിസംബോധന ചെയ്ത ലോകത്തിലെ ഇരുപതാമത്തെ പാർലമെന്‍റാണ് സെയ്ഷൽസിലേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്ഷെൽസിന്‍റെ പരമോന്നത ബഹുമതിയായ 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' ഇന്നലെയാണ് സമ്മാനിച്ചത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകൾക്കുമുള്ള ആദരവായാണ് പുരസ്താകം സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികൾക്കും ആഗോള സുസ്ഥിര വളർച്ചയ്ക്കുള്ള ശ്രമങ്ങൾക്കും വിവരിച്ചുകൊണ്ടാണ് സെയ്ഷെൽസ് പരമോന്നത പുരസ്കാരം സമ്മാനിച്ചത്. അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സമാനമായ നിരവധി പുരസ്കാരങ്ങളുടെ തുടർച്ചയാണ് മോദിക്ക് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ - കാർഷിക സംഘടന 2026 മേയിൽ മോദിക്ക് 'അഗ്രിക്കോള മെഡൽ' നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, സുസ്ഥിര സാമ്പത്തിക വളർച്ചയും ആഗോള സഹകരണവും മുൻനിർത്തി 2018 ൽ സിയോൾ സമാധാന പുരസ്കാരവും, പരിസ്ഥിതി പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ അഭിമാനകരമായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam