പാക് ആണവ ശാസ്ത്രജ്ഞന്‍ എ ക്യു ഖാന്‍ അന്തരിച്ചു

By Web TeamFirst Published Oct 10, 2021, 2:49 PM IST
Highlights

പാകിസ്ഥാനെ ആണവശക്തിയാക്കുന്നില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എക്യു ഖാന്‍. പാകിസ്ഥാനെ ആണവ രാജ്യമാക്കിയതിനെ തുടര്‍ന്ന് ദേശീയ ഹീറോയായി അദ്ദേഹം മാറി.
 

ഇസ്ലാമാബാദ്(Islamabad): പാക് (Pakistan) ആണവ ശാസ്ത്രജ്ഞന്‍ (Nuclear scientist) അബ്ദുല്‍ ഖദീര്‍ ഖാന്‍ (A Q Khan, എ ക്യു ഖാന്‍-85) അന്തരിച്ചു. കൊവിഡ് (covid-19) ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇസ്ലാമാബാദിലെ കെആര്‍എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമെന്ന് പിടിവി റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റിലാണ് എ ക്യ ഖാന് കൊവിഡ് പിടിപെട്ടത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് പോയി. പിന്നീട് ആരോഗ്യസ്ഥിതി മോശമായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാകിസ്ഥാനെ ആണവശക്തിയാക്കുന്നില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എക്യു ഖാന്‍. പാകിസ്ഥാനെ ആണവ രാജ്യമാക്കിയതിനെ തുടര്‍ന്ന് ദേശീയ ഹീറോയായി അദ്ദേഹം മാറി. പാകിസ്ഥാന്‍ ആണവ ബോംബിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 

എ ക്യു ഖാന്റെ മരണത്തില്‍ പ്രസിഡന്റ് ആരിഫ് അല്‍വി അനുശോചിച്ചു. എ ക്യു ഖാന്റെ സേവനം രാജ്യം മറക്കില്ലെന്നും രാജ്യത്തെ രക്ഷിക്കുന്ന ആണവ ആയുധം വികസിപ്പിക്കുന്നതിന് അദ്ദേഹം മുന്നില്‍ നിന്നെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. 
ഇറാന്‍, ലിബിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായി നിയമവിരുദ്ധമായി ആണവ രഹസ്യം പങ്കുവെച്ചെന്ന ആരോപണം എ ക്യു ഖാനെതിരെ ഉയര്‍ന്നു. ആരോപണം അദ്ദേഹം ശരിവെച്ചതിനെ തുടര്‍ന്ന് 2004മുതല്‍ വീട്ടുതടങ്കലിലായിരുന്നു. 2006ല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ചെങ്കിലും സുഖം പ്രാപിച്ചു.
 

click me!