ചൈന വിട്ടാൽ അട്ടിമറി നടക്കുമെന്ന് ഷി ജിൻ പിങിന് ഭയമെന്ന് ബ്രഹ്മ ചെല്ലാനി

Published : Oct 09, 2021, 12:29 PM IST
ചൈന വിട്ടാൽ അട്ടിമറി നടക്കുമെന്ന് ഷി ജിൻ പിങിന് ഭയമെന്ന് ബ്രഹ്മ ചെല്ലാനി

Synopsis

ഷി ജിൻ പിങ് ചൈനയ്ക്ക് പുറത്തേക്ക് പോയിട്ട് ഒരു വർഷവും ഒൻപതു മാസവും കഴിഞ്ഞിരിക്കുന്നു. 

ചെയർമാൻ മാവോയ്ക്ക് (Mao Zedung) ശേഷം  ചൈന (China) ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രബലനായ വ്യക്തി നിലവിലെ പ്രസിഡന്റ് ഷി ജിൻ പിങ് (Xi Jin Ping) ആണെന്നതിൽ തർക്കമില്ല. 2018 മാർച്ചിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസ് എന്ന രാജ്യത്തെ പാർലമെന്റ് രണ്ടു കൊല്ലം എന്ന പ്രസിഡന്റ് പദവിയിൽ തുടരാനുള്ള സമയ പരിധി നീക്കിയതോടെ ആജീവനാന്തം പ്രസിഡന്റായി തുടരാനുള്ള നിയോഗമാണ് ഷിയെ തേടി എത്തിയത്. എന്നാൽ, നിലവിൽ ഷി ജിൻ പിങ് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വെല്ലുവിളികൾ നേരിടുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച, അറിയപ്പെടുന്ന സ്ട്രാറ്റജിക് അനലിസ്റ്റ് ആയ ബ്രഹ്മ ചെല്ലാനി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ കടുത്ത അധികാര വടംവലികൾ നടക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു ട്വീറ്റ് ചെയ്തു. 

 

"ഷി ജിൻ പിങ് ചൈനയ്ക്ക് പുറത്തേക്ക് പോയിട്ട് ഒരു വർഷവും ഒൻപതു മാസവും കഴിഞ്ഞിരിക്കുന്നു. റോമിലെ G -20 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കാതിരിക്കാനാണ് സാധ്യത. നേരിട്ട്, രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ബൈഡൻ താത്പര്യം പ്രകടിപ്പിച്ചപ്പോഴും ഷി ജിൻ പിങ് അത് ഒരു ഓൺലൈൻ മീറ്റിങ്ങിൽ ഒതുക്കുകയാണുണ്ടായത്. തന്റെ അസാന്നിധ്യത്തിൽ ചൈനയിൽ അട്ടിമറി നടന്നേക്കുമെന്ന ഭയമാണോ പ്രസിഡന്റിനെ രാജ്യം വിട്ടു പുറത്തു പോവാതിരിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന സംശയം ബലപ്പെടുകയാണ്" എന്നായിരുന്നു ബ്രഹ്മ ചെല്ലാനിയുടെ ട്വീറ്റ്.  

ചൈനീസ് കമ്യൂണിസ്റ്റുപാർട്ടിയിൽ ഉൾപാർട്ടി തർക്കങ്ങൾ ശക്തിപ്പെടുന്നതായുള്ള റിപ്പോർട്ടുകളുണ്ട് എന്നും, രാജ്യത്ത് ഷി ജിൻ പിങ്ങിന്റെ കർക്കശമായ ഭരണം നടക്കുന്നതിനിടെയും, പ്രസിഡന്റിനെതിരെയുള്ള പ്രവർത്തനങ്ങളും അണിയറയിൽ പുരോഗമിക്കുന്നതായി സംശയമുണ്ട് എന്നും ചെല്ലാനി സൂചിപ്പിച്ചു. ഷി ജിൻ പിങ് അവസാനമായി ചൈന വിട്ടത് 2020 ജനുവരിയിൽ മ്യാന്മറിലേക്ക് പോയതാണ് എന്നും കൊവിഡ് വ്യാപനത്തിന് ശേഷം പ്രസിഡന്റ് രാജ്യം വിട്ടു പുറത്തുപോയിട്ടേയില്ല എന്നും അദ്ദേഹം പറയുന്നു.  

എന്നാൽ ചൈനയിൽ ഇങ്ങനെ ഒരു പ്രശ്നം ഉരുണ്ടുകൂടുന്നുണ്ട് എന്ന സംശയം പ്രകടിപ്പിക്കുന്ന ആദ്യ ലേഖകനല്ല ചെല്ലാനി. ഇതിനു മുമ്പ്  China Coup: The Great Leap to Freedom എന്ന പുസ്തകം രചിച്ച റോജർ ഗാർസൈഡ് എന്ന മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞനും ഷി ജിൻ പിങ്ങിന്റെ ബദ്ധശത്രുക്കളായ പ്രീമിയർ ലി കെക്വിയാങ്, പോളിറ്റ് ബ്യൂറോ സ്റ്റേറ്റ് കമ്മിറ്റി അംഗം വാങ് യാങ് എന്നിവർ ചേർന്ന് ഷിയുടെ ഏകാധിപത്യ പ്രവണതയെ  വിമർശിച്ചു കൊണ്ട് പല നീക്കങ്ങളും പാർട്ടിക്കുള്ളിൽ നടത്തുന്നുണ്ട് എന്നും, ഇവർ നാളെ ചൈനയിൽ ജനാധിപത്യത്തിലേക്ക് നയിക്കുന്ന ചില മാറ്റങ്ങൾക്ക് തിരികൊളുത്തിയാലും അത്ഭുതപ്പെടേണ്ടതില്ല എന്നും എഴുതിയിരുന്നു.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ ആയതിനു തൊട്ടുപിന്നാലെ ഷി ജിൻ പിങ്  ചെയ്തത്, പോളിറ്റ് ബ്യൂറോയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് ഏഴായി വെട്ടിച്ചുരുകുകയും തന്റെ വിശ്വസ്തരെ കമ്മിറ്റിയിൽ തിരുകിക്കയറ്റുകയുമാണ്. ലീ കെക്വിയാങ്ങും, വാങ് യാങ്ങുമാണ് ഇന്ന് ചൈനയിൽ ഷി ജിൻ പിങ്ങിനുണ്ട് എന്ന് കരുതപ്പെടുന്ന ചുരുക്കം വിമർശകരിൽ ചിലർ. ഷി ജിൻ പിങ് നയിക്കുന്ന സമഗ്രാധിപത്യ നേതൃത്വം പുറമേക്ക് ഏറെ ശക്തമെന്നു തോന്നിക്കുമെങ്കിലും അതിനുള്ളിൽ പുഴുക്കുത്തുകൾ വന്നു തുടങ്ങിയിട്ടുണ്ട് എന്നും റോജർ ഗാർസൈഡ് സൂചിപ്പിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ