
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച 54 തീവ്രവാദികളെ പാക് സുരക്ഷാ സേന ഒറ്റരാത്രിയിൽ വധിച്ചതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളായ "ഖ്വാരിജ്" ആണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാൻ താലിബാനെ പരാമർശിക്കാൻ സർക്കാർ ഉപയോഗിക്കുന്ന ഒരു പദപ്രയോഗം ഖ്വാരിജ്. പാകിസ്ഥാനിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് വന്നവരെയാണ് കൊലപ്പെടുത്തിയതെന്നും പാക് സൈന്യം അറിയിച്ചു.
അഫ്ഗാൻ അതിർത്തിയിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ജില്ലയായ നോർത്ത് വസീറിസ്ഥാനിനടുത്തുള്ള പാകിസ്ഥാൻ താലിബാന്റെ മുൻ ശക്തികേന്ദ്രത്തിന് സമീപമാണ് കലാപകാരികളെ കൊലപ്പെടുത്തിയത്. ഭീകരർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനുകൾക്കിടയിൽ പാകിസ്ഥാൻ സൈന്യം ഒരു ദിവസം ഇത്രയധികം തീവ്രവാദികളെ കൊലപ്പെടുത്തുന്നത് ഇതാദ്യമാണെന്നും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. ഏപ്രിൽ 25 നും ഏപ്രിൽ 27 നും ഇടയിൽ രാത്രിയിൽ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദികളെ കണ്ടെത്തിയതായി ഐഎസ്പിആർ അറിയിച്ചു.
Read More.... ബന്ദർ അബ്ബാസ് തുറമുഖത്തെ സ്ഫോടനം, മരണം 40 കടന്നു, ഞെട്ടി വിറച്ചത് 50 കിലോമീറ്റർ പരിസരം
പിന്നീട് നടത്തിയ ഓപ്പറേഷനിൽ, സുരക്ഷാ ഉദ്യോഗസ്ഥർ നുഴഞ്ഞുകയറ്റക്കാരെ നേരിടുകയും നിരോധിത തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) അംഗങ്ങളായ 54 തീവ്രവാദികളെ വധിക്കുകയും ചെയ്തുവെന്നാണ് വിശദീകരണം. സ്ഥലത്ത് നിന്ന് വൻതോതിൽ ആയുധശേഖരവും വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തു. പാകിസ്ഥാനിൽ ഉന്നതതല ഭീകരാക്രമണങ്ങൾ നടത്താൻ "വിദേശ യജമാനന്മാർ" ഈ സംഘത്തെ നിയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.