ബന്ദർ അബ്ബാസ് തുറമുഖത്തെ സ്ഫോടനം, മരണം 40 ആയി, ഞെട്ടി വിറച്ചത് 50 കിലോമീറ്റർ പരിസരം

Published : Apr 28, 2025, 11:16 AM ISTUpdated : Apr 28, 2025, 11:28 AM IST
ബന്ദർ അബ്ബാസ് തുറമുഖത്തെ സ്ഫോടനം, മരണം 40 ആയി, ഞെട്ടി വിറച്ചത് 50 കിലോമീറ്റർ പരിസരം

Synopsis

രാജ്യത്തെ വ്യാപാരത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്തിരുന്ന തുറമുഖത്താണ് വലിയ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40ആയി

തെഹ്റാൻ: ഇറാനിലെ പ്രമുഖ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കഴിഞ്ഞു. ആയിരത്തിലേറെ പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുള്ളത്. ശനിയാഴ്ച രാവിലെയാണ് ഇറാനിലെ തന്ത്ര പ്രധാന മേഖലയിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്ത് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ മേഖലയാകെ പുക മൂടുകയും വായു മലിനീകരണം നിയന്ത്രണാതീതമാവുകയും ചെയ്തിരുന്നു. പരിക്കേറ്റവർക്ക് രക്തം നൽകാനായി നിരവധി ആളുകളാണ് ഷഹീദ് റജയിലെ ആശുപത്രികളിലേക്ക് എത്തിയത്. 

സ്ഫോടനം കഴിഞ്ഞ് ഒരു നാൾ പിന്നിട്ട ശേഷവും മേഖലയിൽ പടർന്ന കറുത്ത പുക ഒതുങ്ങിയിട്ടില്ല. വിഷാംശമുള്ള കെമിക്കലുകളുടെ സാന്നിധ്യം വായുവിൽ പരക്കുകയും ചെയ്തിട്ടുണ്ട്. സമീപ നഗരങ്ങളിലെ ആളുകളോട് വീടുകൾക്ക് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇറാന്റെ നാവിക സേനയുടെ ആസ്ഥാനം കൂടിയാണ് ബന്ദർ അബ്ബാസ്. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്കും ഓഫീസുകൾക്കും മേഖലയിൽ അവധി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച സ്ഫോടനത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൊർമോസ്ഗാൻ പ്രവിശ്യയിൽ രണ്ട് ദിവസം കൂടി ദുഖാചരണം തുടരും. 

സ്ഫോടനമുണ്ടായതിന്റെ 50 കിലോമീറ്റർ ചുറ്റളവിലാണ് പൊട്ടിത്തെറിയുടെ പ്രകമ്പനം അനുഭവപ്പെട്ടത്. സ്ഫോടനത്തിൽ പരസ്പരം പഴി ചാരലും ഇറാനിൽ തുടങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളിലേക്ക് ഉപയോഗിക്കാനുള്ള ഇന്ധനം അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് സ്ഫോടനത്തിന് കാരണമായതെന്നും സ്വകാര്യ മാരിടൈം റിസ്ക് കൺസൾട്ടൻസി ആരോപിക്കുന്നത്. സോഡിയം പെർക്ലോറേറ്റാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിൽ നിന്ന് അടുത്തിടെ ഇറക്കുമതി ചെയ്ത റോക്കറ്റിലുപയോഗിക്കുന്ന ഇന്ധനമാണ് അഗ്നിബാധയിലേക്ക് നയിച്ചതെന്നും ഇറാനിയൻ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. 

ഇതിന് പിന്നാലെ ബന്ധപ്പെട്ട അധികൃതർക്കെതിരെ സാധാരണക്കാർക്കിടയിൽ കുറ്റപ്പെടുത്തലും ഉയരുന്നതായാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. ആവശ്യമായ കരുതലില്ലാതെ സ്ഫോടന ശേഷിയുള്ള ഇന്ധം കൈകാര്യ ചെയ്തതിനെതിരെയാണ് വിമർശനം. ഇറാൻ പ്രസിഡന്റ്  മസൂദ് പെസെഷ്കിയാൻ ബന്ദർ അബ്ബാസിലേക്ക് ഞായറാഴ്ച എത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ മൂന്നാം ഘട്ടത്തിലെത്തിയപ്പോഴാണ് ഇറാന്റെ തന്ത്രപ്രധാന മേഖലയിലെ സ്ഫോടനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ
ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ