
ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ക്വറ്റയിലെ സർഗുൻ റോഡിലുള്ള പൊലീസ് ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം. ഉഗ്രശബ്‍ദത്തോടെയാണ് തിരക്കേറിയ സ്ഥലത്ത് സ്ഫോടനം ഉണ്ടായത്. സഗരത്തിലും പരിസര പ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വെടിയൊച്ചയും കേട്ടു. ജനം പരിഭ്രാന്തരായി. രക്ഷാപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സൈന്യവും പൊലീസും നഗരത്തിലാകെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. സ്ഫോടനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
നഗരത്തിലെ ആശുപത്രികളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ 32 പേരെ സിവിൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. വെടിവെപ്പിലും സ്ഫോടനത്തിലും രണ്ട് പൊലീസുകാർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ലെങ്കിലും ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് സംശയദൃഷ്ടിയിലുള്ളത്. ക്വറ്റ തലസ്ഥാനമായ പ്രവിശ്യയിൽ ഇത്തരം ആക്രമണങ്ങൾ ഇതിന് മുൻപ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നടത്തിയിട്ടുണ്ട്.