
കാബൂൾ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ ഇസ്താംബൂളിൽ ഏറ്റവും അവസാനമായി നടന്ന സമാധാന ചർച്ചകളും സ്തംഭിച്ചു. ചർച്ചകൾ പരാജയപ്പെട്ടതിന് കാരണം പാകിസ്ഥാൻ്റെ നിസ്സഹകരണ നിലപാടാണെന്ന് ആരോപിച്ച് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ (താലിബാൻ) ശക്തമായ പ്രസ്താവന പുറത്തിറക്കി. തുർക്കിയുടെയും ഖത്തറിൻ്റെയും മധ്യസ്ഥ ശ്രമങ്ങളുണ്ടായിട്ടും പാകിസ്ഥാൻ വിഷയത്തെ ഗൗരവമായി സമീപിച്ചില്ലെന്നാണ് താലിബാൻ്റെ ആരോപണം.
പാകിസ്ഥാൻ്റെ 'അവിവേകവും നിസ്സഹകരണവും'
നവംബർ എട്ടിന് സബീഹുല്ല മുജാഹിദ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, താലിബാൻ സർക്കാർ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച തുർക്കിക്കും ഖത്തറിനും നന്ദി അറിയിച്ചു. നവംബർ 6, 7 തീയതികളിലെ ചർച്ചകളിൽ സദുദ്ദേശ്യത്തോടെയാണ് അഫ്ഗാൻ പ്രതിനിധികൾ പങ്കെടുത്തതെന്നും പാകിസ്ഥാൻ വിഷയത്തെ ഗൗരവമായി സമീപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ, പാകിസ്ഥാൻ ഒരിക്കൽക്കൂടി അവിവേകവു നിസ്സഹകരണപരവുമായ മനോഭാവമാണ് കാണിച്ചത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും അഫ്ഗാൻ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. അതേസമയം, അഫ്ഗാൻ്റെ സുരക്ഷയുടെയോ സ്വയം സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ അവർ തയ്യാറായില്ലെന്നും താലിബാൻ കുറ്റപ്പെടുത്തി.
അഫ്ഗാൻ മണ്ണ് മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല എന്ന തങ്ങളുടെ 'തത്വപരമായ നിലപാട്' താലിബാൻ ആവർത്തിച്ചു. അതുപോലെ, തങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും എതിരായി പ്രവർത്തിക്കാൻ ഒരു വിദേശ രാജ്യത്തെയും അനുവദിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. പാകിസ്ഥാൻ്റെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ പുറന്തള്ളാനുള്ള നിരന്തരമായ ശ്രമങ്ങളിലും യഥാർത്ഥ പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ മടിക്കുന്നതിലും തങ്ങൾക്ക് കടുത്ത നിരാശയുണ്ടെന്ന് പ്രസ്താവന സൂചിപ്പിക്കുന്നു.
ടി.ടി.പി. (തഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ) പ്രശ്നം പുതിയതല്ലെന്നും, ഇസ്ലാമിക് എമിറേറ്റ് അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായതല്ലെന്നും, 2002 മുതൽ നിലനിൽക്കുന്നതാണെന്നും സബീഹുല്ല മുജാഹിദ് പറഞ്ഞു. ടി.ടി.പി.യും പാകിസ്ഥാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് താലിബാൻ സൗകര്യമൊരുക്കുകയും ആ പ്രക്രിയ വലിയൊരളവിൽ വിജയകരമാവുകയും ചെയ്തിരുന്നു. എന്നാൽ, പാകിസ്ഥാൻ സൈന്യത്തിലെ ചില വിഭാഗങ്ങൾ ഇത് അട്ടിമറിച്ചതായും അഫ്ഗാനിസ്ഥാനിൽ ഒരു പരമാധികാര ശക്തി നിലനിൽക്കുന്നതിനെ അവർ ഇഷ്ടപ്പെടുന്നില്ലെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.
ചർച്ചകൾ 'ഫലമില്ലാത്ത ഒരു അനിശ്ചിത ഘട്ടത്തിലെത്തി' എന്നും നാലാം ഘട്ട ചർച്ചകൾക്ക് ഇതുവരെ പദ്ധതിയില്ലെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, അഫ്ഗാനിസ്ഥാൻ്റെ ട്രൈബ്സ്, ബോർഡേഴ്സ്, ട്രൈബൽ അഫയേഴ്‌സ് മന്ത്രി നൂറുള്ള നൂറി, പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി: "അഫ്ഗാനികളുടെ ക്ഷമ പരീക്ഷിക്കരുത്.'യുദ്ധം ഉണ്ടായാൽ, അഫ്ഗാനിസ്ഥാനിലെ മുതിർന്നവരും യുവാക്കളും അടക്കം പോരാടാൻ ഇറങ്ങുമെന്നും അദ്ദേഹം ആസിഫിന് മുന്നറിയിപ്പ് നൽകി.
ഇസ്താംബുൾ ചർച്ചകൾ സംഘർഷം ലഘൂകരിക്കുന്നതിന് പകരം പാകിസ്ഥാൻ്റെ കപടത വെളിപ്പെടുത്തുകയും അവിശ്വാസം വർദ്ധിപ്പിക്കുകയും ആണ് ചെയ്തെന്നാണ് താലിബാൻ നിലപാട്. അതിർത്തിയിൽ വെടിനിർത്തൽ തുടരുമ്പോഴും, പാകിസ്ഥാൻ വീണ്ടും പ്രകോപനമില്ലാത്ത ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് സാധാരണക്കാരെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്നും അഫ്ഗാനിസ്ഥാൻ സംശയിക്കുന്നുണ്ട്.