
വാഷിംഗ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയ്ക്കുമേൽ ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയൻ ആഭ്യന്തര മന്ത്രി അനസ് ഖത്താബിന് മേലുള്ള ഉപരോധവും പിൻവലിച്ചു. ഇരുവരേയും അമേരിക്ക ആഗോള ഭീകരരായി പ്രഖ്യാപിച്ചിരുന്നു. അടുത്ത ആഴ്ച വൈറ്റ്ഹൗസിൽ അഹമ്മദ് അല്‍ ഷറയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ട്രംപിന്റെ നടപടി. യുഎൻ രക്ഷാസമിതിയും വ്യാഴാഴ്ച ഇരുവരുടെയും ഉപരോധം പിൻവലിച്ചിരുന്നു.
ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു. നവംബർ 10 ന് വൈറ്റ്ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഐഎസിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അഹമ്മദ് അല്‍ ഷറ ഒപ്പുവയ്ക്കുമെന്നാണ് വിവരം. സിറിയയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ സീസർ ആക്ട് പിൻവലിക്കുന്നതുൾപ്പെടെ രാജ്യത്തിന്റെ പുനർനിർമാണത്തിനായി അഹ്മദ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ തേടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, കഴിഞ്ഞ മെയ്യിൽ നാലുദിവസത്തെ മധ്യപൂർവദേശ സന്ദർശനത്തിനിടെ ട്രംപ് അഹമ്മദ് അല്‍ ഷറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.