
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. പൊതുസ്ഥലങ്ങളിലെ ശുചിത്വവും മാലിന്യം നീക്കം ചെയ്യുന്നതും അതിലൊന്നാണ്. ഈ വിഷയത്തിന് പല മാനങ്ങളുണ്ടെങ്കിലും, മിക്ക ആളുകളും ഇതിനെ ഒറ്റ കാഴ്ചപ്പാടിലൂടെയാണ് കാണുന്നത്. വിദേശത്തേക്ക് യാത്ര ചെയ്യുകയോ താമസം മാറ്റുകയോ ചെയ്യുമ്പോൾ ഇന്ത്യയിലെ തെരുവുകളേക്കാൾ മറ്റ് രാജ്യങ്ങളിലെ പൊതു ഇടങ്ങൾ എത്രമാത്രം വൃത്തിയുള്ളതാണെന്ന് ഇന്ത്യക്കാർ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇൻഫ്ലുവൻസറായ സച്ചിൻ സിന്ധു ഈ വിഷയത്തെക്കുറിച്ച് ഒരു റീൽ പങ്കുവെച്ച് ഇതിനൊരു പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ്
യുഎസിലെ തെരുവുകൾ വൃത്തിയായിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കി കൊണ്ടാണ് സച്ചിന്‍റെ വീഡിയോ. തന്‍റെ ജിമ്മിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന അദ്ദേഹം, താൻ നടക്കുമ്പോൾ എണ്ണാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ടു. ഏകദേശം ഓരോ 10 ചുവടിലും ഒരു ചവറ്റുകുട്ട കാണാൻ കഴിയുമെന്നും, 100 മീറ്റർ ദൂരത്തിൽ 12 ചവറ്റുകുട്ടകൾ താൻ എണ്ണി എന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയിൽ, അവിടത്തെ നാട്ടുകാർ ഈർപ്പമുള്ളതും ഉണങ്ങിയതുമായ മാലിന്യങ്ങൾ വേർതിരിച്ച ചവറ്റുകുട്ടകളിൽ ഇടുന്നതും കാണിച്ചു. ഒരൊറ്റ വ്യക്തി പോലും തെരുവിലോ നടപ്പാതയിലോ മാലിന്യം വലിച്ചെറിഞ്ഞില്ല. രാവിലെ ഒരു തൊഴിലാളി മാലിന്യം ശേഖരിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. ചവറ്റുകുട്ടകൾ അടുത്തടുത്ത് സ്ഥാപിക്കുന്നത് ആളുകൾക്ക് മാലിന്യം ശരിയായ സ്ഥലത്ത് നിക്ഷേപിക്കാൻ അവസരം നൽകുന്നുണ്ടെന്ന് സച്ചിൻ പറഞ്ഞു. ഇന്ത്യയും സമാനമായ ഒരു സമീപനം പിന്തുടരുകയാണെങ്കിൽ, നമുക്കും നമ്മുടെ നഗരങ്ങളും രാജ്യവും വൃത്തിയായി സൂക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
സച്ചിൻ സിന്ധുവിന്‍റെ നിർദ്ദേശത്തോട് സോഷ്യൽ മീഡിയയിൽ ആളുകൾ യോജിച്ചു. നഗരങ്ങളിൽ ധാരാളം ചവറ്റുകുട്ടകൾ സ്ഥാപിക്കുന്നത് കാര്യമായ മാറ്റം കൊണ്ടുവരുമെന്ന് മിക്ക ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. എന്നാൽ, ചവറ്റുകുട്ടകൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി.