
ദില്ലി: ഇന്ത്യ - പാകിസ്ഥാൻ ബന്ധം സമീപകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ മറുപടിയും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. അന്താരാഷ്ട്ര രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച പിന്തുണ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇപ്പോൾ ഇതാ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ ഒരു പ്രതിരോധ കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. സൗദിയുമായുള്ള കരാർ ഇന്ത്യയ്ക്ക് എതിരായ വലിയ നയതന്ത്ര വിജയമായി പാകിസ്ഥാൻ കണക്കാക്കുമ്പോൾ സ്ഥിതിഗതികൾ ഇന്ത്യയും സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ട്.
രണ്ടിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിൽ പറയുന്നത്. എന്നാൽ ഒരു രാജ്യത്തിന്റെയും പേര് പറയാതെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാറ്റോ ശൈലിയിലുള്ള പ്രതിരാധ കരാറാണിത്. പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പതിറ്റാണ്ടുകളായി അനൗപചാരികമായി പ്രതിരോധ സഹകരണമുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്.
വീണ്ടും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷത്തിലേയ്ക്ക് നീങ്ങിയാൽ സൗദി അറേബ്യ ഇന്ത്യയ്ക്ക് എതിരായ നിലപാട് സ്വീകരിച്ച് പാകിസ്ഥാനൊപ്പം നിൽക്കുമോ എന്നതാണ് ഉയർന്നുവരുന്ന സംശയം. എന്നാൽ, പുതിയ കരാർ അനുസരിച്ച് സൗദി ഇന്ത്യയുമായി നേർക്കുനേർ യുദ്ധത്തിന് തയ്യാറാകുമെന്ന് അർത്ഥമില്ലെന്നാണ് പ്രതിരോധ വിദഗ്ധരും ഭൗമ രാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നത്. കാരണം, ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സൗദിയും പാകിസ്ഥാനും കൈകോർക്കുന്നത്. അതിനാൽ തന്നെ ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സൗദി ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇറാൻ, ലെബനൻ, സിറിയ, യെമൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് എതിരായ ഇസ്രായേലിന്റെ നീക്കങ്ങൾ അറബ് രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
പാകിസ്ഥാനെ ഒപ്പം നിർത്തുന്നതിന് പിന്നിൽ സൗദിയ്ക്ക് മറ്റ് ചില കണക്കുകൂട്ടലുകൾ കൂടിയുണ്ട്. മിഡിൽ ഈസ്റ്റിലെ ഏക ആണവ രാഷ്ട്രമാണ് ഇസ്രായേൽ. ഈ സാഹചര്യത്തിലാണ് ആണവ രാഷ്ട്രമായ പാകിസ്ഥാനുമായി സൗദി പ്രതിരോധ കരാറിൽ ഏർപ്പെടുന്നത്. ഇസ്രായേൽ എപ്പോഴെങ്കിലും സൗദിയ്ക്ക് നേരെ തിരിഞ്ഞാൽ മതം, രാഷ്ട്രീയം, കരാർ എന്നിവ മുൻനിർത്തി പാകിസ്ഥാൻ ഇടപെടുമെന്നും എന്നാൽ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ റിയാദ് ഒരിക്കലും ഇന്ത്യയ്ക്ക് എതിരെ നിലപാട് എടുക്കില്ലെന്നും സ്പെയിൻ ആസ്ഥാനമായുള്ള അസോസിയേറ്റ് പ്രൊഫസറും വിശകലന വിദഗ്ധനുമായ ഡോ. ബിലാൽ അഫ്സൽ ട്വീറ്റ് ചെയ്തു.
കൂടാതെ, വർഷങ്ങളായി സൗദി അറേബ്യ പാകിസ്ഥാന്റെ ആണവായുധ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നത് പരസ്യമാണ്. എന്നാൽ, സൌദി രഹസ്യമായി ഇതിന് ധനസഹായം നൽകിയിട്ടുണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. വിരമിച്ച പാകിസ്ഥാൻ ജനറൽ ഫിറോസ് ഹസ്സൻ ഖാന്റെ 'ഈറ്റിംഗ് ഗ്രാസ്: ദി മേക്കിംഗ് ഓഫ് ദി പാകിസ്ഥാൻ ബോംബ്' എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ, ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൌനാനുവാദമുണ്ടെന്നാണ് ഗൾഫ് രാജ്യങ്ങൾ കരുതുന്നത്. ഇത് അറബ് രാഷ്ട്രങ്ങൾക്ക് അമേരിക്കയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താനും ഇടയാക്കിയിട്ടുണ്ട്.
പാകിസ്ഥാനുമായുള്ള പുതിയ പ്രതിരോധ കരാറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളെക്കുറിച്ച് സൗദി അറേബ്യ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. ഇന്ത്യയുമായുള്ള ബന്ധം ഇതുവരെയുള്ളതിനേക്കാൾ ശക്തമാണ് എന്നാണ് സൗദി ആദ്യം തന്നെ വ്യക്തമാക്കിയത്. 'ഈ കരാർ പ്രത്യേക രാജ്യങ്ങളോടോ പ്രത്യേക സംഭവങ്ങളോടോ ഉള്ള പ്രതികരണമല്ല. ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം ഇതുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ ശക്തമാണ്. ഞങ്ങൾ ഈ ബന്ധം വളർത്തിയെടുക്കുന്നത് തുടരും. കഴിയുന്ന വിധത്തിൽ പ്രാദേശിക സമാധാനത്തിന് സംഭാവന നൽകാൻ ശ്രമിക്കുകയും ചെയ്യും'. ഒരു മുതിർന്ന സൗദി ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ ഈ കരാർ ബാധിക്കാതിരിക്കാനാണ് സൗദി ആഗ്രഹിക്കുന്നതെന്ന് ഈ പ്രതികരണത്തിൽ നിന്ന് തന്നെ വ്യക്തമാണ്.
മാത്രമല്ല, ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. മറിച്ച്, സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 41.88 ബില്യൺ യുഎസ് ഡോളറായിരുന്നു. മറുവശത്ത്, പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം കഷ്ടിച്ച് 3–4 ബില്യൺ യുഎസ് ഡോളർ മാത്രമാണ്. അതിനാൽ, സൗദി അറേബ്യ ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ ഒരു തരത്തിലും സാധ്യതയില്ലെന്നാണ് പ്രതിരോധ-സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.