അതിനിടെ വൈസ് പ്രസിഡന്ർറ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി വെനസ്വേലൻ സുപ്രീം കോടതി നിയമിച്ചു.
വാഷിംഗ്ടൺ: അമേരിക്ക ബന്ദികളാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയെയും ന്യൂയോർക്കിലെ തടവറയിലേക്ക് മാറ്റി. ഇരുവരെയും നാളെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. അതിനിടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി വെനസ്വേലൻ സുപ്രീം കോടതി നിയമിച്ചു. വെനസ്വേല ആരുടെയും കോളനിയാകില്ലെന്ന് ഡെൽസി പറഞ്ഞു.
പരമാധികാര രാജ്യത്തിന്റെ ഭരണാധിപനിൽ നിന്ന് ഒറ്റരാത്രി കൊണ്ട് ശത്രുരാജ്യത്ത് ഏകാന്ത തടവുകാരനായി നിക്കോളാസ് മദൂറോ. അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽപ്പറത്തി കാരക്കസിലെ കിടപ്പുമുറിയിൽ നിന്ന് അമേരിക്ക റാഞ്ചിയ വെനസ്വേലൻ പ്രസിഡന്റിനെ കരീബിയൻ കടലിൽ കാത്തുകിടന്ന യുഎസ് യുദ്ധക്കപ്പലിലേക്കാണ് ആദ്യം മാറ്റിയത്. പിന്നീട് ക്യൂബയിലെ ഗ്വാണ്ടനാമോ ബേ നാവിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയ മദൂറോയയെും ഭാര്യ സീലിയ ഫ്ലോറസിനെയും തുടർന്ന് യുഎസ് വിമാനത്തിൽ ന്യൂയോർക്കിലെത്തിച്ചു. കൈവിലങ്ങ് വച്ച നിലയിൽ പുറത്തിറക്കിയപ്പോൾ ചുറ്റും നിന്നവരോട് ഹാപ്പി ന്യൂയർ പറഞ്ഞാണ് മദൂറോ പ്രതികരിച്ചത്.
യുഎസ് ലഹരി വിരുദ്ധ വിഭാഗത്തിന്റെ ആസ്ഥാനത്ത് ചോദ്യം ചെയ്തതിന് ശേഷം ബ്രൂക്ക് ലിനിലെ കുപ്രസിദ്ധമായ മെട്രോപ്പോലിറ്റൻ തടവറയിലേക്കാണ് ഇരുവരയെും മാറ്റിയത്. വൃത്തിഹീനമായ ഇടനാഴികളും പവർ കട്ടും തടവുകാർ തമ്മിലെ സംഘർഷങ്ങളും പതിവായ ഇവിടെ മദൂറോയെയും സീലിയയെും രണ്ട് മുറികളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. നാളെ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുന്ന ഇരുവരെയും ലഹരിക്കടത്തിലൂടെയുള്ള തീവ്രവാദം, അമേരിക്കയിലേക്ക് ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളിൽ വിചാരണ ചെയ്യും. വേനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്ന് ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നെങ്കിലും നിക്കോളാസ് മദൂറോ തന്നെയാണ് പ്രസിഡന്റ് എന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവർത്തിച്ചു. ഒരു രാജ്യത്തിന്റെയും കോളനിയാകാൻ വെനസ്വേല ഇല്ലെന്ന് പറഞ്ഞ ഡെൽസി, ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചർച്ചകൾക്കില്ലെന്നും വ്യക്തമാക്കി.
രാജ്യത്തെ പ്രതിരോധിക്കുന്നതിനും ഭരണപരമായ തുടർച്ചയ്ക്കുമായി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാൻ വൈസ് പ്രസിഡന്റിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇല്ലെങ്കിൽ 30 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന വ്യവസ്ഥ വെനസ്വേലൻ ഭരണഘടനയിൽ ഉള്ളതിനാൽ, മദൂറോയെ കുറിച്ച് പരാമർശമില്ലാതെയാണ് കോടതി ഉത്തരവിറക്കിയത്. മദൂറോയുടെ വിശ്വസ്തരെയും താഴെയിറക്കാനായി അമേരിക്ക വീണ്ടും ആക്രമണം നടത്തുമോയെന്ന ആശങ്കയിലാണ് വെനസ്വേലൻ ജനത. ഇന്നലത്തെ വ്യോമാക്രമണത്തിൽ നാൽപ്പതിലധികം സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്.

