
ഇസ്ലാമാബാദ്: ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡറുടെ പ്രസ്താവനയിൽ പാകിസ്ഥാന് മുറുമുറുപ്പ്. യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാൻ പ്രതിഷേധമറിയിച്ചു. ബുധനാഴ്ച നടന്ന ജമ്മു കശ്മീർ സന്ദർശനത്തിനിടെ ശ്രീനഗറിൽ വെച്ചു മാധ്യമങ്ങളോട് പ്രതികരിക്കവെ ആണ് സെർജിയോ ഗോർ ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ ആണ് പാകിസ്ഥാൻ്റെ നടപടി.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീർ സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ. ബുധനാഴ്ച ശ്രീനഗറിൽ എത്തിയ സെർജിയോ ഗോർ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും ഒരുമിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതിനിടെ ആണ്, സെർജിയോ ഗോർ ജമ്മു കശ്മീരിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. ജമ്മു കശ്മീരിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്നുമായിരുന്നു സെർജിയോ ഗോർ പറഞ്ഞത്.
"ഇവിടെ വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഞാൻ ആദ്യമായാണ് ഇവിടെ സന്ദർശിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന തരത്തിൽ മനോഹരമായ ഒരു സ്ഥലമാണ്. ഇവിടെ വരാൻ കഴിഞ്ഞതിലും ഈ സ്ഥലം കാണാൻ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്ലാദമുണ്ട്"- സെർജിയോ ഗോർ പറഞ്ഞു.
മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ച ഊഷ്മളവും ഹൃദ്യവുമായിരുന്നുവെന്നും സെർജിയോ ഗോർ പറഞ്ഞു. ഈ ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ജമ്മു കശ്മീർ സന്ദർശിക്കുന്നതിന് യുഎസ് പൗരന്മാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ലഫ്. ഗവർണറുമായും സെർജിയോ ഗോർ കൂടിക്കാഴ്ച നടത്തും. തുടർന്ന് അദ്ദേഹം വ്യാഴാഴ്ച ലഡാക്കിലേക്കും എത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam