സൗദിയുടെ കൂടി പിന്തുണയോടെയാകും നടപടികളെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്താവന
സന: ഹൂത്തികളിൽ നിന്ന് രാജ്യത്തിന്റെ ഭാഗങ്ങൾ മോചിപ്പിക്കാനുള്ള സൈനിക നടപടി പ്രഖ്യാപിച്ച് യെമൻ. പ്രസിഡണ്ട് റഷാദ് അൽ അലീമിയാണ് സൈനിക നടപടി പ്രഖ്യാപിച്ചത്. ഹൂത്തി കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പൊതുജനങ്ങളോട് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. സൗദിയുടെ കൂടി പിന്തുണയോടെയാകും നടപടികളെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്താവന. ബാബ് അൽ മന്ദബ്, മോക്ക തുറമുഖ നഗരം ഉൾപ്പടെ പുതുതായി ഹൂത്തികൾ കീഴടക്കിയിരുന്നു. ഇതോടെ യെമനിൽ സംഘർഷം കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. സൗദിയിൽ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
സമാധാന ചർച്ചകൾക്കും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി സർക്കാരിന് നൽകാൻ കഴിയുന്ന എല്ലാ അവസരങ്ങളും സമയവും നൽകിയിരുന്നുവെന്നും എന്നാൽ സമാധാന ശ്രമങ്ങളെല്ലാം പൂർണ്ണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് സൈനിക നടപടിയിലേക്ക് കടക്കുന്നതെന്നും റഷാദ് അൽ അലീമി വ്യക്തമാക്കി. സൈനിക നടപടികൾക്ക് ഒപ്പം തന്നെ തിരിച്ചെടുക്കുന്ന നഗരങ്ങളിൽ ജീവനക്കാരുടെ കുടിശ്ശിക ശമ്പളം വിതരണം ചെയ്യാനും, തകർന്ന റോഡുകളും വൈദ്യുതി-കുടിവെള്ള സംവിധാനങ്ങളും പുനരുദ്ധരിക്കാനുമുള്ള പദ്ധതികൾ തയ്യാറാക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


