
മലയിടുക്കിൽ ഒളിഞ്ഞിരുന്ന ബിഎൽഎ സായുധസംഘം, എല്ലാം ആസൂത്രിതം; പാക്ക് ട്രെയിൻ റാഞ്ചലിന്റെ വീഡിയോ പുറത്ത്
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാനിൽ ട്രെയിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ബിഎൽഎ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റേയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നതും തുടർന്ന് ഒളിഞ്ഞിരുന്ന ബിഎൽഎ സായുധസംഘം ജാഫർ എക്പ്രസ് ട്രെയിനിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
ട്രെയിൻ വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി ബിഎൽഎ സംഘം തിരഞ്ഞെടുത്തത്. സൈനികർക്കോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കോ പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത സ്ഥലമാണിത്. കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിൻ റാഞ്ചൽ നടത്തിയിരിക്കുന്നതെന്ന് പുറത്തു ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്.
ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. 9 ബോഗികളുള്ള ട്രെയിനിൽ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. അതേസമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തട്ടിയെടുത്ത ട്രെയിനിലെ 155 ബന്ദികളെ മോചിപ്പിച്ചെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.
സായുധ സംഘത്തിലെ 27 പേരെ പാക്ക് സൈന്യം വധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് സൈന്യം വ്യോമാക്രമണമടക്കം നടത്തിയാണ് ബന്ദികളിൽ ഏറെപ്പേരെയും രക്ഷിച്ചത്. മുപ്പതോളം ബന്ദികൾക്കിടയിൽ ബോംബുമായി ചാവേർ പട നിലയുറപ്പിച്ചിരിക്കുന്നത് സൈന്യത്തിന് വെല്ലുവിളിയാണ്. സൈന്യം ബോഗിയിലേക്ക് കടന്നാൽ സ്ഫോടനം നടത്തി ശേഷിക്കുന്ന ബന്ദികളെ എല്ലാവരെയും വധിക്കുമെന്നാണ് ഭീഷണി. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
Read More : മയക്കുമരുന്നിനെതിരെ പോരാടാൻ അന്തർദേശീയ സഹകരണം ആവശ്യമെന്ന് കുവൈത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam