ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്ഥാൻ പുനസ്ഥാപിക്കില്ല

By Web TeamFirst Published Apr 1, 2021, 6:33 PM IST
Highlights

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാപാരബന്ധം വിച്ഛേദിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ഇരുപത് മാസത്തിനു ശേഷം ഇത് പുനസ്ഥാപിക്കാൻ പാകിസ്ഥാന്‍ ഒരുങ്ങുന്നു എന്ന സൂചനയാണ് വന്നിരുന്നത്.

ദില്ലി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് പാകിസ്ഥാന്‍ തീരുമാനം. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാപാരബന്ധം വിച്ഛേദിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്.

ഇരുപത് മാസത്തിനു ശേഷം ഇത് പുനസ്ഥാപിക്കാൻ പാകിസ്ഥാന്‍ ഒരുങ്ങുന്നു എന്ന സൂചനയാണ് വന്നിരുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് പരുത്തിയും അടുത്ത ഘട്ടത്തിൽ പഞ്ചസാര ഇറക്കുമതിയും പരിഗണിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് പിന്നാലെയാണ് വ്യാപാരബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്ന് പാകിസ്ഥാന്‍ തീരുമാനം എടുത്തത്. 

അതിർത്തിയിൽ വെടിനിറുത്തൽ കരാർ ശക്തമായി പാലിക്കാൻ ഇരു സൈന്യങ്ങളും അടുത്തിടെ ധാരണയിൽ എത്തിയിരുന്നു. കൊവിഡ് ബാധിതനായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോദി വേഗം സുഖമാകാൻ നേരത്തെ ആശംസ നേർന്നിരുന്നു. പിന്നീട് പാക് ദേശീയദിനത്തിന് ആശംസ നേർന്ന് മോദി കത്തെഴുതി.

ഇതിന് മറുപടി കത്ത് നല്‍കിയ ഇമ്രാൻ ഖാൻ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ എല്ലാ വിഷയങ്ങളും പരിഹരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ജമ്മുകശ്മീർ വിഷയം പ്രത്യേകം പരാമർശിച്ചായിരുന്നു ഇമ്രാൻ ഖാന്‍റെ കത്ത്. ഇരു രാജ്യങ്ങൾക്കുമിടയിലെ സമാധാന ചർച്ചകൾ പുനസ്ഥാപിക്കുന്നതിലേക്ക് നീളാവുന്ന ചില സൂചനകളാണ് അടുത്തിടെ പുറത്തേക്ക് വരുന്നത്. 
 

click me!