വിമാനത്തിൽ പലസ്‌തീൻകാരൻ്റെ മുഖത്തടിച്ച് എയർഹോസ്റ്റസ്; 175 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്

Published : Aug 27, 2025, 07:27 PM IST
Flight

Synopsis

വിമാനത്തിൽ പലസ്‌തീൻ വംശജനായ അമേരിക്കക്കാരന് മർദനമേറ്റ സംഭവത്തിൽ 20 ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസ്

ന്യൂയോർക്: അമേരിക്കയിൽ പലസ്‌തീൻ വംശജനെ വിമാനത്തിൽ വച്ച് ജീവനക്കാരി മർദ്ദിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഡെൽറ്റ എയർലൈൻസിനെതിരെ യാത്രക്കാരനായ മുഹമ്മദ് ഷിബ്‌ലിയാണ് ഹർജി നൽകിയത്. 20 ദശലക്ഷം ഡോളർ (ഏതാണ്ട് 175 കോടി രൂപ) ആണ് നഷ്‌ചപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 29 ന് അറ്റ്ലാന്റയിൽ നിന്ന് കാലിഫോർണിയയിലെ ഫ്രെസ്‌നോയിലേക്കുള്ള വിമാനത്തിൽ വച്ച് യാത്രക്കിടെ ജീവനക്കാരി മർദിച്ചുവെന്നാണ് കേസ്. വെള്ളം ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് 175 കോടി നഷ്ടപരിഹാരം തേടിയുള്ള ഹർജിയിലേക്ക് എത്തിയത്.

ഷിബ്‌ലിക്കൊപ്പം ഭാര്യയും നാലും രണ്ടും വയസുള്ള ആൺമക്കളും ഉണ്ടായിരുന്നു. യാത്രക്കിടെ ഇളയ കുട്ടി വെള്ളത്തിനായി കരഞ്ഞപ്പോൾ പിതാവ് വിമാനത്തിലെ എയർഹോസ്റ്റസിനോട് വെള്ളം ആവശ്യപ്പെട്ടു. എന്നാൽ വെള്ളം നൽകാൻ ഇവർ തയ്യാറായില്ല. പിന്നീട് ഇദ്ദേഹം മറ്റൊരു എയർഹോസ്റ്റസിനെ സമീപിച്ച് വെള്ളം ചോദിച്ചെങ്കിലും അവരും ഇത് നിരസിച്ചു. ഇതോടെ മറ്റൊരു എയർഹോസ്റ്റസിനെ സമീപിച്ചപ്പോഴാണ് ഷിബ്‌ലിക്ക് വെള്ളം കിട്ടിയത്. സഹപ്രവർത്തകർ വെള്ളം നൽകാതിരുന്നതിൽ ഇവർ ക്ഷമാപണം നടത്തിയതായും ഷിബ്‌‌ലി പറയുന്നു.

എന്നാൽ ആദ്യം വെള്ളം നൽകാൻ വിസമ്മതിച്ച എയർഹോസ്റ്റസ് പിന്നീട് വെള്ളവുമായി ഷിബ്‌ലിയെ സമീപിച്ചു. വെള്ളം വേണ്ടെന്ന് ഇദ്ദേഹം പറഞ്ഞപ്പോൾ തർക്കമായി. ഷിബ്‌ലിയുടെ ചെവിക്കടുത്തേക്ക് വന്ന് ഇവർ അസഭ്യവാക്ക് പറഞ്ഞതായാണ് ആദ്യത്തെ ആരോപണം. ഇതോടെ രോഷത്തോടെ ഷിബ്‌ലിയും പ്രതികരിച്ചു. മകൻ്റെ മുന്നിൽ വച്ച് അപമാനിച്ചതിലുള്ള സ്വാഭാവിക പ്രതികരണമെന്നാണ് ഇതിനെ ഷിബ്‌ലി വിശേഷിപ്പിക്കുന്നത്. എന്നാൽ ഷിബ്‌ലിയുടെ പ്രതികരണത്തിന് പിന്നാലെ എയർഹോസ്റ്റസ് ഇയാളെ മുഖത്തടിക്കുകയായിരുന്നു. പിന്നീട് എയർഹോസ്റ്റസ് ഇവിടെ നിന്ന് പോയി മറ്റ് യാത്രക്കാർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുനൽകി.

എന്നാൽ ഈ എയർഹോസ്റ്റസിനെ സഹപ്രവർത്തകർ വിമാനത്തിൻ്റെ പിൻഭാഗത്തേക്ക് വിളിച്ചുകൊണ്ടുപോയി അവിടെ ഇരുത്തിയെന്നും പലസ്തീൻകാരനായ ഷിബ്‌ലി പറയുന്നു. നാല് മണിക്കൂർ നേരം താനും കുടുംബവും കുടുങ്ങിപ്പോയെന്നും പിതാവെന്ന നിലയിൽ മക്കളുടെ മുന്നിലും ഭർത്താവെന്ന നിലയിൽ ഭാര്യയുടെ മുന്നിലും താൻ നിസഹായനായെന്നും ഇദ്ദേഹം പറയുന്നു. യാത്രക്കാരനെന്ന നിലയിൽ തൻ്റെയും കുടുംബത്തിൻ്റെയും സുരക്ഷയെ കുറിച്ച് താൻ ഭയപ്പെട്ടു. ഈ അനുഭവം മറ്റാർക്കും ഉണ്ടാകരുത്. അതിനാലാണ് താൻ നഷ്ടപരിഹാരം തേടിയതെന്നും ഷിബ്‌ലി പറയുന്നു. അതേസമയം സംഭവത്തിൽ കുറ്റാരോപിതയായ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് ഡെൽറ്റ കമ്പനി പ്രതികരിച്ചു. അതേസമയം ഷിബ്‌ലിയുടെ ഭാര്യയുടെ വസത്രത്തിൽ പലസ്‌തീൻ എന്ന് എഴുതിയിരുന്നുവെന്നും ഇത് കണ്ട ശേഷം വംശീയ വിദ്വേഷം മൂലമാണ് ജീവനക്കാരി അക്രമം നടത്തിയതെന്നുമാണ് ഷിബ്‌ലിയുടെ അഭിഭാഷകൻ വാദിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി