
മെക്സിക്കോ സിറ്റി: ആകാശമധ്യത്തിൽ വച്ച് തനിച്ച് വിമാനം റാഞ്ചാൻ ശ്രമിച്ച യുവാവിനെ സഹയാത്രികർ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച മെക്സിക്കോയിലെ ലിയോൺ വിമാനത്താവളത്തിൽ നിന്ന് ടിജുവാന വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വോളാരിസ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എയർബസ് എ 320 ഇനത്തിലുള്ള വിമാനത്തിൽ നിറയെ യാത്രക്കാരുള്ള സമയത്താണ് വിമാനം വഴി തിരിച്ച് വിടാൻ ആവശ്യപ്പെട്ട് യാത്രക്കാരൻ എയർഹോസ്റ്റസിനെ മുൾമുനയിൽ നിർത്തിയത്. ബന്ധുക്കളിൽ ആരെയോ തട്ടിക്കൊണ്ട് പോയെന്നും ടിജുവാനയിലേക്ക് പോവുന്നത് അപകടമാണെന്നും ആരോപിച്ചായിരുന്നു യുവാവ് വിമാനം ഭീഷണിപ്പെടുത്തി വഴി തിരിച്ച് വിടാൻ ശ്രമിച്ചത്.
വിമാനം ടേക്ക് ഓഫ് ചെയ്തിന് തൊട്ട് പിന്നാലെയായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. അമേരിക്കൻ അതിർത്തിയിലുള്ള വിമാനത്താവളമാണ് ടിജുവാന. 31 കാരനായ മാരിയോ എന്ന യുവാവാണ് എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയും വിമാനത്തിൽ നിന്ന് ചാടുമെന്നും വിശദമാക്കി വലിയ രീതിയിൽ ക്യാബിനുള്ളിൽ ബഹളമുണ്ടാക്കിയത്. ഇയാളെ യാത്രക്കാർ പിടികൂടി ബലപ്രയോഗത്തിലൂടെ അധികൃതർക്ക് കൈമാറുന്ന ദൃശ്യങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു 31കാരൻ വിമാനത്തിൽ കയറിയത്.
മറ്റ് രീതിയിലുള്ള അക്രമങ്ങൾ പതിവാണെങ്കിലും വിമാനം റാഞ്ചാനുള്ള ശ്രമങ്ങൾ മെക്സിക്കോയിൽ വളരെ അപൂർവ്വമാണ്. 2009ലാണ് ഇതിന് മുൻപ് ഒരു വിമാന റാഞ്ചൽ മെക്സിക്കോയിലുണ്ടായത്. അമേരിക്കയിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റിനോട് ആവശ്യപ്പെടുകയും കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ വിമാനത്തിൽ നിന്ന് താഴേക്ക് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ പൈലറ്റ് ഒരു അലേർട്ട് കോഡ് പുറപ്പെടുവിക്കുകയും സെൻട്രൽ മെക്സിക്കോയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും ആയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്ത ബന്ധുവിനെ തട്ടിക്കൊണ്ടുപോയെന്നും ടിജുവാനയിലേക്ക് പോയാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ എയർലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. മരിയോ തൻ്റെ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യാത്ര ചെയ്തത്. സംഭവം തീവ്രവാദ ബന്ധമുണ്ടോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടെന്നും മെക്സിക്കൻ എയർലൈൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam