
ന്യൂയോർക്ക്: ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ച സഹാചര്യത്തിൽ യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും സജ്ജമാക്കിയെങ്കിലും ആക്രമണ ലക്ഷ്യമില്ലെന്ന് അമേരിക്ക. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ ശേഷിയെ സഹായിക്കാനുള്ള നീക്കമാണ് ഇതെന്നാണ് പെന്റഗൺ വിശദീകരിക്കുന്നത്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ദേശീയ സുരക്ഷാ സമിതിയുമായി യോഗം ചേരും.
പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും സജ്ജമാക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ വിശദീകരണം. സജ്ജീകരണങ്ങളെല്ലാം ഇറാനെ പ്രതിരോധിക്കാൻ മാത്രമാണെന്ന് പെന്റഗൺ അറിയിച്ചു. പശ്ചിമേഷ്യ യുദ്ധ ഭീതിയിലായതോടെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഇറാനെതിരെ പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിൻവാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇനിയും അതിന് തയ്യാറായില്ലെങ്കിൽ ഇറാൻ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് ഇന്ന് പുലർച്ചെ ലഭിച്ചതിലും കൂടുതൽ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപ് വിശദീകരിച്ചത്.