സുരക്ഷാ വേലി ചാടിക്കടന്ന് റൺവേയിലേക്ക്, ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനമിടിച്ച് യുവാവ് കൊല്ലപ്പെട്ടു, ഗുരുതര സുരക്ഷാ വീഴ്ച

Published : May 10, 2026, 09:55 PM IST
plane accident

Synopsis

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി റൺവേയിലൂടെ അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്

ഡെൻവർ: സുരക്ഷാ വേലി ചാടിക്കടന്ന് നിമിഷങ്ങൾക്കുള്ളിൽ എത്തിയത് ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന് മുന്നിലേക്ക്. റൺവേയിൽ വിമാനം ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഗുരുതര സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്. എൻജിനിൽ തീ പടർന്നു. ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് നടുക്കുന്ന അപകടം നടന്നത്. ഡെൻവറിൽ നിന്നും ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസിന്റെ 4345-ാം നമ്പർ വിമാനമാണ് റൺവേയിലുണ്ടായിരുന്ന ഒരാളെ ഇടിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി റൺവേയിലൂടെ അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ഏകദേശം രാത്രി 11:20 ഓടെയാണ് സംഭവം നടന്നത്.

വിമാനത്താവളത്തിന് ചുറ്റുമുള്ള സുരക്ഷാ വേലി ചാടിക്കടന്നാണ് ഈ വ്യക്തി റൺവേയിൽ പ്രവേശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വേലി ചാടി ഏകദേശം രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഇയാൾ വിമാനത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. വിമാനം ഇടിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ എൻജിനുകളിൽ ഒന്നിൽ തീപിടുത്തമുണ്ടാകുകയും പുക ഉയരുകയും ചെയ്തു. അപകടം തിരിച്ചറിഞ്ഞ പൈലറ്റുമാർ ഉടൻ തന്നെ വിമാനം നിർത്തുകയും എമർജൻസി എക്സിറ്റുകൾ വഴി യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

അപകടസമയത്ത് 224 യാത്രക്കാരും ഏഴ് ജീവനക്കാരുമുൾപ്പെടെ 231 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ചിറകുകളിലെ സ്ലൈഡുകൾ ഉപയോഗിച്ചാണ് യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കിയത്. ഈ നെട്ടോട്ടത്തിനിടയിൽ 12 ഓളം യാത്രക്കാർക്ക് നിസ്സാര പരിക്കുകൾ ഏൽക്കുകയും അഞ്ചുപേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിമാനത്തിനുള്ളിൽ പുക നിറഞ്ഞത് യാത്രക്കാരെ വലിയ രീതിയിൽ ഭീതിയിലാഴ്ത്തിയിരുന്നു. തങ്ങൾ മരിക്കാൻ പോകുകയാണെന്ന് കരുതിയതായും വലിയ ശബ്ദത്തോടെയുള്ള ഒരു പ്രകമ്പനമാണ് തങ്ങൾക്ക് അനുഭവപ്പെട്ടതെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ച വ്യക്തി വിമാനത്താവളത്തിലെ ജീവനക്കാരനല്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എയർ ട്രാഫിക് കൺട്രോളുമായുള്ള പൈലറ്റിന്റെ സംഭാഷണത്തിൽ റൺവേയിൽ ഒരാൾ നടക്കുന്നത് കണ്ടു എന്നും വിമാനം അയാളെ ഇടിച്ചുവെന്നും ഉടൻ തന്നെ എൻജിനിൽ തീ പടർന്നു എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് എങ്ങനെയാണ് ഒരാൾ അതീവ സുരക്ഷയുള്ള റൺവേയിൽ എത്തിയത് എന്നതിനെക്കുറിച്ച് ഗൗരവമായ പരിശോധനകൾ നടന്നു വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ആട്ടിടയൻ കണ്ടതിൽ തുടങ്ങിയ സംശയം, ആരും അറിയാതെ ഇറാഖിൽ സൈനിക താവളം, റിപ്പോര്‍ട്ട് പുറത്ത്
ഒരു വശത്ത് പ്രതീക്ഷ, മറുവശത്ത് ആശങ്ക, അമേരിക്കയ്ക്ക് പുതിയ നിർദ്ദേശങ്ങൾ കൈമാറി ഇറാൻ; ഹോർമൂസിൽ സംഘർഷം കടുക്കുന്നു, ചൈനീസ് കമ്പനികൾക്ക് ഉപരോധം