പര്‍വേസ് മുഷറഫിന്‍റെ വധശിക്ഷ റദ്ദാക്കി പാക് ഹൈക്കോടതി

By Web TeamFirst Published Jan 13, 2020, 11:00 PM IST
Highlights

2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. 

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരണം തന്നെ നിയമവിരുദ്ധമെന്നാണ് ലാഹോര്‍ ഹൈക്കോടതി വിധിച്ചത് എന്നാണ് മുഷറഫിന്‍റെ അഭിഭാഷകനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഡിസംബര്‍ 17നാണ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.

2007 നവംബറില്‍ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.

Read More: കാർഗിലിലെ കൊലച്ചതി, പട്ടാളശക്തിയില്‍ പരമാധികാരം, നടുക്കിയ അടിയന്തരാവസ്ഥ, ഒടുവില്‍ വധശിക്ഷ; മുഷറഫിന്‍റെ ജീവിതം

2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു. 

2001 ൽ പാകിസ്ഥാൻ പ്രസിഡന്‍റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്മെന്‍റ് നടപടികൾ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. 

വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാകിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാര്‍ലമെന്‍റിലേക്ക് മത്സരിക്കാൻ പാകിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്. 

വധശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിയോടെ കേസില്‍ നിന്നും മുഷറഫ്  കുറ്റവിമുക്തനായി എന്നാണ് ഇദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറയുന്നത്.  വധശിക്ഷ നടപ്പിലാക്കും മുന്‍പ് മുഷറഫ് മരിച്ചാല്‍ അദ്ദേഹത്തിന്‍റെ ശവം റോഡിലൂടെ വലിച്ചിഴയ്ക്കണം എന്നത് അടക്കം രൂക്ഷമായ പരാമര്‍ശങ്ങളുള്ള വിധിയാണ് പെഷവാര്‍ പ്രത്യേക കോടതി നേരത്തെ പുറപ്പെടുവിച്ചത്.

അതേ സമയം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിദഗ്ധ ചികിത്സയ്ക്കായി 2016 മുതല്‍ ദുബായിലാണെന്നും. 2014 നും 2019നും ഇടയില്‍ നടന്ന വിചാരണയില്‍ ദുബായില്‍ തന്‍റെ മൊഴി കൂടി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്ന് മുഷ്റഫ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

click me!