
ദില്ലി: മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന് ദീർഘകാലം അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുത്തിലാണ് ഇദ്ദേഹം വൻ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. പാകിസ്ഥാൻ്റെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് മുഷാറഫ് നൽകിയെന്നും ബേനസീർ ഭൂട്ടോ വിദേശത്ത് ആഡംബര ജീവിതം നയിച്ചുവെന്നുമടക്കം വെളിപ്പെടുത്തലുകൾ ഇദ്ദേഹം ഉയർത്തി. നീണ്ട 15 വർഷക്കാലം സിഐഎയിൽ അനലിസ്റ്റായും പിന്നീട് തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ പാകിസ്ഥാനിലടക്കം പ്രവർത്തിച്ച സിഐഎ ഏജൻ്റാണ് ജോൺ കിരിയാകു. അഴിമതി കൊണ്ട് മൂടിയ രാജ്യമാണ് പാകിസ്ഥാനെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.
'പാകിസ്ഥാനുമായി അമേരിക്കയ്ക്ക് ശക്തമായ സൗഹൃദമുണ്ട്. പർവേസ് മുഷാറഫിൻ്റെ കാലത്ത് അത് ഏറ്റവും നല്ലതായിരുന്നു. ഏകാധിപതികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് എപ്പോഴും അമേരിക്ക ഇഷ്ടപ്പെട്ടിരുന്നു. അവിടെ പൊതുജനാഭിപ്രായവും മാധ്യമവിമർശനവും ഭയക്കേണ്ട കാര്യമില്ല. അങ്ങനെയാണ് മുഷാറഫിനെ ഞങ്ങൾ പണമെറിഞ്ഞ് വാങ്ങിയത്. അന്ന് പാക് സൈന്യത്തിൻ്റെ ആവശ്യത്തിനും സർക്കാരിൻ്റെ മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി ദശലക്ഷക്കണക്കിന് ഡോളർ അമേരിക്ക ചെലവഴിച്ചു. ഓരോ ആഴ്ചയിലും പല തവണ ഞങ്ങൾ മുഷാറഫുമായി കണ്ടിരുന്നു. ഞങ്ങൾക്ക് വേണ്ടത് എന്തായാലും ചെയ്യാൻ അദ്ദേഹം സമ്മതം നൽകിയിരുന്നു. പക്ഷെ മുഷാറഫിന് സ്വന്തം ആളുകളെയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു.'
'2002 ൽ പാകിസ്ഥാനിൽ പ്രവർത്തിക്കുമ്പോഴാണ് അനൗദ്യോഗികമായി ഞാനാ വിവരം അറിഞ്ഞത്. പാക് ആണവായുധങ്ങളുടെ നിയന്ത്രണം പാകിസ്ഥാൻ പ്രസിഡൻ്റ് മുഷാറഫ് അമേരിക്കയ്ക്ക് നൽകി എന്നായിരുന്നു അത്. ഭീകരർക്ക് ആണവായുധങ്ങൾ ലഭിക്കുമോയെന്ന് മുഷാറഫ് ഭയപ്പെട്ടിരുന്നു. പാകിസ്ഥാനിൽ ഡബിൾ ഗെയിം കളിക്കുകയായിരുന്നു മുഷാറഫ്. അമേരിക്കയ്ക്ക് ഒപ്പം നിന്ന് ഭീകരവിരുദ്ധ പ്രവർത്തനം നടത്തിയ മുഷാറഫ്, ഇന്ത്യക്കെതിരായ ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായവും നൽകിയിരുന്നു. സ്വന്തം സൈന്യത്തെ സന്തോഷിപ്പിച്ച് നിർത്തുക മുഷാറഫിൻ്റെ ആവശ്യമായിരുന്നു. പാക് സൈന്യത്തിന് അൽ ഖ്വൈദ ഒരു വിഷയമേയായിരുന്നില്ല. അവർ ഇന്ത്യയെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. സൈന്യത്തെയും ഭീകരരെയും സന്തോഷിപ്പിക്കാൻ ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനത്തിന് സഹായം നൽകിയ മുഷാറഫ്, അമേരിക്കയുടെ ഭീകര വിരുദ്ധ പ്രവർത്തനത്തിനൊപ്പം നിന്ന് പണവും വാങ്ങി.'
ഇന്ത്യൻ പാർലമെൻ്റിനെതിരെ 2001 ഡിസംബറിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസസ്ഥാനും തമ്മിൽ 2002 ൽ യുദ്ധം നടക്കുമോയെന്ന് അമേരിക്ക ആശങ്കപ്പെട്ടിരുന്നുവെന്നും കിരിയാകു പറഞ്ഞു. തുടർന്ന് പാക് ഭരണാധികാരികളുടെ ആഡംബര ജീവിതത്തെ കുറിച്ചും അദ്ദേഹം തുറന്നടിച്ചു.
'ദുബായിൽ ബേനസീർ ഭൂട്ടോ അഭയം തേടിയപ്പോൾ താൻ അവിടെയെത്തി അവരെ കണ്ടിരുന്നു. മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനും തനിക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയിലെ വിവരങ്ങൾ കുറിച്ചെടുക്കാനാണ് താൻ അദ്ദേഹത്തെ അനുഗമിച്ചത്. ഗൾഫിൽ 50 ലക്ഷം ഡോളറെങ്കിലും വില വരുന്ന ഒരു കൊട്ടാരത്തിലാണ് അവർ കഴിഞ്ഞിരുന്നത്. ഞങ്ങൾ മുൻവശത്തെ മുറിയിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരു കാർ വന്നു. അത് കണ്ടപ്പോൾ അവർ ഇങ്ങനെ പറഞ്ഞു - അയാളിനി മറ്റൊരു ബെൻ്റ്ലി കാറുമായാണ് വന്നതെങ്കിൽ ഞാനിന്നയാളെ കൊല്ലും- എന്ന്. ഭർത്താവ് ആസിഫ് അലി സർദാരിയെ കുറിച്ചാണ് അവർ അത് പറഞ്ഞത്. ബെൻ്റ്ലി കാറുകളുടെ വലിയ ശേഖരം അന്ന് ആസിഫ് അലി സർദാരിക്കുണ്ടായിരുന്നു. ബേനസീറിന് ഒരു പടുകൂറ്റൻ കൊട്ടാരവും. കാലിൽ ചെരിപ്പോ, കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ കഴിഞ്ഞിരുന്ന പാകിസ്ഥാനിലെ സാധാരണക്കാരുടെ മുഖത്തേക്ക് ഇവർക്കെങ്ങിനെ നോക്കാൻ കഴിയുമെന്ന് താനന്ന് അമ്പരന്നു. ശരിയാണ് അഴിമതി പാകിസ്ഥാനിൽ ഒരു പ്രശ്നമാണ്. പക്ഷെ ഈ നിലയിലുള്ള അഴിമതി!,- ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുനിർത്തി.