
ദില്ലി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ആദ്യസംഘം അമൃത്സറിലെത്തിയതിന് പിന്നാലെ 'വിലങ്ങ്' വിവാദവും കത്തുന്നു. അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ വിലങ്ങു വച്ച് വിമാനത്തി കയറ്റിയതായുള്ള ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇത് അപമാനകരമെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇന്ത്യാക്കാരെ വിമാനത്തിൽ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം. പതിനെണ്ണായിരം ഇന്ത്യക്കാരെ തിരിച്ചയക്കും എന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കെ പാർലമെന്‍റിലടക്കം സർക്കാരിനെതിരെ പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കാനാണ് സാധ്യത.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി - 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയവരെ തിരിച്ചെത്തിച്ചത്. അമേരിക്ക മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ നാൽപ്പത് മണിക്കൂർ യാത്ര ചെയത് ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്. ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 33 പേർ വീതം തിരിച്ചെത്തി. പഞ്ചാബിൽ നിന്ന് 30 പേരുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്ന് രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തിരികെ എത്തിയ ഇന്ത്യക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. തിരിച്ചെത്തിയവർക്കെതിരെ ക്രിമിനൽകേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിന്‍റെ നിലപാടിനെ ഇന്ത്യ നേരത്തെ പരസ്യമായി പിന്താങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക വിമാനത്തിന് ഇറങ്ങാനുള്ള അനുമതി നൽകിയത്. ട്രംപും നരേന്ദ്ര മോദിയും നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉയർന്നോ എന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. അടുത്തയാഴ്ച മോദി അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി തുടങ്ങിയിരിക്കുന്നത്.
പിഐബിയുടെ പ്രതികരണം
അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും കാൽ ബന്ധിച്ചുമല്ല ഇന്ത്യയിലെത്തിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയിൽ പ്രചരിക്കുന്നതെന്നും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പി ഐ ബി വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam